കൊച്ചി: കേരളത്തിന്റെ അടുത്ത മുഖ്യമന്ത്രിയായി വി.ഡി. സതീശൻ വരണമെന്ന ആവശ്യവുമായി നടൻ സിദ്ദിഖ്. കോൺഗ്രസ് ഗ്രൂപ്പ് കളികളിലൂടെയോ കുതികാൽവെട്ടിലൂടെയോ മറ്റൊരാൾ ആ പദവിയിലേക്ക് വരരുതെന്നും അങ്ങനെയുണ്ടായാൽ ജനങ്ങൾ പൊറുക്കില്ലെന്നും സിദ്ദിഖ് തന്റെ ഫേസ്ബുക്ക് കുറിപ്പിൽ വ്യക്തമാക്കി ( Actor Sidhique Facebook post VD Satheesan). ഈ തിരഞ്ഞെടുപ്പിൽ യുഡിഎഫ് നേടിയ തിളക്കമാർന്ന വിജയത്തിന് പിന്നിൽ സതീശൻ എന്ന കരുത്തനായ നേതാവിലുള്ള വിശ്വാസമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
100-ൽ അധികം സീറ്റുകൾ നേടി യുഡിഎഫ് അധികാരത്തിൽ വരുമെന്ന് ചങ്കുറപ്പോടെ പ്രഖ്യാപിച്ച ഒരേയൊരു നേതാവാണ് സതീശൻ. സാമുദായിക നേതാക്കളുടെ തിണ്ണ നിരങ്ങാത്ത, മതനിരപേക്ഷത ഉയർത്തിപ്പിടിക്കുന്ന അദ്ദേഹമായിരിക്കും മുഖ്യമന്ത്രിയെന്ന് ഓരോ സാധാരണക്കാരനും വിശ്വസിച്ചിരുന്നു. ആ വിശ്വാസം തകർക്കരുത്. വി.ഡി. സതീശന് പകരം രാഹുൽ ഗാന്ധിയെപ്പോലും മുഖ്യമന്ത്രിയായി സങ്കൽപ്പിക്കാൻ കഴിയില്ലെന്നാണ് സിദ്ദിഖിന്റെ കുറിപ്പിൽ പറയുന്നത്. ഹൈക്കമാൻഡ് ഉചിതമായ തീരുമാനം എടുത്തില്ലെങ്കിൽ വലിയ തിരിച്ചടി നേരിടേണ്ടി വരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
കെ. കരുണാകരനെയും ഉമ്മൻ ചാണ്ടിയെയും ഹൃദയത്തിൽ സൂക്ഷിക്കുന്ന ഒരു സാധാരണ കോൺഗ്രസ് അനുഭാവിയുടെ അപേക്ഷയാണിതെന്ന് സിദ്ദിഖ് പറഞ്ഞു. മുഖ്യമന്ത്രി സ്ഥാനത്തേക്ക് വി.ഡി. സതീശൻ എന്ന പേര് മാത്രമാണ് തങ്ങൾ ആഗ്രഹിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. കോൺഗ്രസിനുള്ളിൽ മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലിയുള്ള ചർച്ചകൾ മുറുകുന്നതിനിടെ സിദ്ദിഖിന്റെ ഈ പരസ്യ പിന്തുണ രാഷ്ട്രീയ വൃത്തങ്ങളിൽ വലിയ ചർച്ചയായിരിക്കുകയാണ്.
Summary: Actor Sidhique has extended strong support to V.D. Satheesan for the post of Kerala Chief Minister. In a Facebook post, he stated that people cannot imagine anyone else, even Rahul Gandhi, as CM in the current scenario. Sidhique urged the Congress leadership not to yield to internal group politics and to respect the public’s wish by appointing Satheesan, who fearlessly led the UDF to a historic victory.

