ന്യൂഡൽഹി: കേരളത്തിന്റെ അടുത്ത മുഖ്യമന്ത്രിയെ നിശ്ചയിക്കുന്നതിനുള്ള നിർണ്ണായക നീക്കങ്ങളുമായി കോൺഗ്രസ് നേതൃത്വം (Kerala Next Chief Minister). ഇതിന്റെ ഭാഗമായി മുതിർന്ന നേതാവ് രമേശ് ചെന്നിത്തല നാളെ ഡൽഹിയിലെത്തി ഹൈക്കമാൻഡുമായി ചർച്ച നടത്തും. മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലിയുള്ള ചർച്ചകൾ സജീവമായ സാഹചര്യത്തിലാണ് അദ്ദേഹത്തിന്റെ ഡൽഹി സന്ദർശനം.
അതേസമയം , മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കുന്നതിന് മുന്നോടിയായി എഐസിസി രണ്ട് മുതിർന്ന നിരീക്ഷകരെ കേരളത്തിലേക്ക് നിയോഗിച്ചു. നിയമസഭാകക്ഷി യോഗം ചേരുന്ന ദിവസം നിരീക്ഷകർ കേരളത്തിലെത്തും. തിരഞ്ഞെടുക്കപ്പെട്ട ഓരോ എംഎൽഎമാരെയും നിരീക്ഷകർ നേരിൽ കണ്ട് മുഖ്യമന്ത്രി സ്ഥാനത്തെക്കുറിച്ച് വ്യക്തിപരമായ അഭിപ്രായം തേടും. തുടർന്ന് നൽകുന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാകും അന്തിമ പ്രഖ്യാപനം.
മുഖ്യമന്ത്രി ചർച്ചകൾ സംബന്ധിച്ച് ഇന്ന് ഡൽഹിയിൽ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ അധ്യക്ഷതയിൽ നിർണ്ണായക യോഗം ചേർന്നു. രാഹുൽ ഗാന്ധി, ജയറാം രമേശ് തുടങ്ങിയ മുതിർന്ന നേതാക്കൾ പങ്കെടുത്ത യോഗത്തിൽ കേരളത്തിലെ സാഹചര്യം വിശദമായി വിലയിരുത്തി.
സംസ്ഥാനത്തെ ഭൂരിഭാഗം എംഎൽഎമാരുടെയും പിന്തുണയും ഹൈക്കമാൻഡിന്റെ നിലപാടും ആർക്ക് അനുകൂലമാകുമെന്നാണ് ഇപ്പോൾ രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നത്. മുഖ്യമന്ത്രി പ്രഖ്യാപനം ഉടൻ ഉണ്ടാകുമെന്ന് എഐസിസി വൃത്തങ്ങൾ സൂചിപ്പിച്ചു.
Story Summary: Congress has intensified the process of selecting the next Chief Minister of Kerala. Senior leader Ramesh Chennithala will head to Delhi tomorrow for discussions with the High Command. Meanwhile, AICC has appointed two observers to visit Kerala, meet with elected MLAs, and gather their opinions before making a final announcement.

