ചെന്നൈ: തമിഴ്‌നാട് രാഷ്ട്രീയത്തിൽ അരനൂറ്റാണ്ടായി നിലനിന്നിരുന്ന ഡിഎംകെ – എഐഎഡിഎംകെ ദ്വിമുഖ രാഷ്ട്രീയത്തിന് അന്ത്യം കുറിച്ച് നടൻ വിജയുടെ തമിഴക വെട്രി കഴകം (ടിവികെ) ചരിത്ര മുന്നേറ്റം നടത്തി. 234 മണ്ഡലങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ 107 സീറ്റുകൾ കരസ്ഥമാക്കി ടിവികെ ഏറ്റവും വലിയ ഒറ്റകക്ഷിയായി മാറി. (Vijay TVK Wins 107 Seats Tamil Nadu Election 2026 Stalin Defeated)
തമിഴ് രാഷ്ട്രീയത്തെ ഞെട്ടിച്ചുകൊണ്ട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ കൊളത്തൂർ മണ്ഡലത്തിൽ പരാജയപ്പെട്ടു. ടിവികെ സ്ഥാനാർത്ഥി വി.എസ്. ബാബുവിനോട് 8,795 വോട്ടുകൾക്കാണ് സ്റ്റാലിൻ അപ്രതീക്ഷിത തോൽവി ഏറ്റുവാങ്ങിയത്. സ്റ്റാലിന് പുറമെ സ്പീക്കർ എം. അപ്പാവുവും നിരവധി കാബിനറ്റ് മന്ത്രിമാരും പരാജയപ്പെട്ടു. ഭരണകക്ഷിയായ ഡിഎംകെ 59 സീറ്റുകളുമായി രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടപ്പോൾ, എഐഎഡിഎംകെ 47 സീറ്റുകളുമായി മൂന്നാം സ്ഥാനത്തായി.
തിരുപ്പത്തൂർ മണ്ഡലത്തിലെ വോട്ടെണ്ണലാണ് ഇത്തവണത്തെ തിരഞ്ഞെടുപ്പിലെ ഏറ്റവും വലിയ നാടകം. ഡിഎംകെ മന്ത്രി കെ.ആർ. പെരിയറുപ്പൻ വെറും ഒരു വോട്ടിനാണ് ടിവികെ സ്ഥാനാർത്ഥി ശ്രീനിവാസ സേതുപതിയോട് പരാജയപ്പെട്ടത്. അവസാന നിമിഷം വരെ നീണ്ടുനിന്ന ഉദ്വേഗത്തിനൊടുവിൽ സേതുപതി 83,375 വോട്ടുകൾ നേടിയപ്പോൾ മന്ത്രിക്ക് 83,374 വോട്ടുകൾ ലഭിച്ചു. ചെന്നൈ നഗരമേഖലകളിലെ ഡിഎംകെ കോട്ടകൾ തൂത്തുവാരിയ ടിവികെ, പടിഞ്ഞാറൻ തമിഴ്‌നാട്ടിലെ എഐഎഡിഎംകെ സ്വാധീന കേന്ദ്രങ്ങളിലും വിള്ളലുണ്ടാക്കി. യുവാക്കളുടെയും സ്ത്രീകളുടെയും വോട്ടുകൾ വൻതോതിൽ വിജയ്‍യെ തുണച്ചതായാണ് വിലയിരുത്തൽ. കോൺഗ്രസ്, പിഎംകെ എന്നീ പാർട്ടികൾ 5 സീറ്റുകൾ വീതം നേടിയിട്ടുണ്ട്. സ്വതന്ത്രമായി സർക്കാർ രൂപീകരിക്കാൻ ടിവികെക്ക് മറ്റ് കക്ഷികളുടെ പിന്തുണ കൂടി വേണ്ടിവരും.
Story Summary
Actor Vijay’s TVK made a stunning debut in the 2026 Tamil Nadu elections, emerging as the single largest party with 108 seats. The election saw a major upset as CM MK Stalin lost his Kolathur seat to a TVK candidate, and Minister KR Periyakaruppan was defeated by just a single vote in Tiruppattur.

