ബെംഗളൂരു: മൈസൂരുവിലെ ഹോസ്റ്റലുകളിൽ മലയാളി വിദ്യാർത്ഥികൾക്ക് വൃത്തിഹീനമായ ഭക്ഷണം വിതരണം ചെയ്ത സംഭവത്തിൽ കടുത്ത നടപടിയുമായി കർണാടക സർക്കാർ. വിദ്യാർത്ഥികളുടെ പരാതിയെത്തുടർന്ന് ഭക്ഷണ വിതരണം നടത്തിയിരുന്ന ഏജൻസിയുടെ ലൈസൻസ് സർക്കാർ റദ്ദാക്കി. കൂടാതെ ഇവർ നടത്തിവന്ന മെസ്സ് ഉടനടി അടച്ചുപൂട്ടാനും നിർദ്ദേശം നൽകി.(Incident of serving unhygienic food to students, Karnataka government cancels agency’s license)
കർണാടക ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ മെസ്സിൽ നേരിട്ടെത്തി വിശദമായ പരിശോധന നടത്തി. മെസ്സിൽ നിന്ന് ഭക്ഷണത്തിന്റെ സാമ്പിളുകൾ ശേഖരിച്ച് ലാബിലേക്ക് പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. ലാബ് പരിശോധനാ ഫലം ലഭിച്ചാലുടൻ കൂടുതൽ കർശനമായ നിയമനടപടികൾ സ്വീകരിക്കുമെന്ന് കർണാടക ആരോഗ്യമന്ത്രി അറിയിച്ചു.
മെസ്സ് അടച്ചുപൂട്ടിയ സാഹചര്യത്തിൽ വിദ്യാർത്ഥികൾക്ക് ഭക്ഷണത്തിന് ബുദ്ധിമുട്ടുണ്ടാകാതിരിക്കാൻ പകരം സംവിധാനങ്ങൾ ഏർപ്പെടുത്തുമെന്നും സർക്കാർ ഉറപ്പുനൽകി. വിഷയത്തിൽ കെ.സി. വേണുഗോപാൽ എംപി ഇടപെടുകയും കർണാടക ആരോഗ്യമന്ത്രിയെ ഫോണിൽ വിളിച്ച് നടപടി ആവശ്യപ്പെടുകയും ചെയ്തിരുന്നു.

