കൊച്ചി: കൊച്ചിയിൽ വൈറ്റ് കോളർ ലഹരി ഇടപാടുകൾ നടത്തുന്ന സംഘത്തിലെ പ്രധാനി കെവിൻ പിടിയിലായതോടെ പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ. തൃക്കാക്കര വാഴക്കാലയിൽ നിന്ന് പിടികൂടുമ്പോൾ കെവിന്റെ പക്കൽ നിന്ന് വലിയ അളവിൽ എംഡിഎംഎയും എക്‌സ്റ്റസി ഗുളികകളും പിടിച്ചെടുത്തിരുന്നു.(White-collar drug dealing in Kochi, Accused Kevin making contradictory statements)
ബെംഗളൂരു ഐഐഎമ്മിൽ നിന്ന് ബിരുദം നേടിയ കെവിൻ, പ്രതിമാസം രണ്ടര ലക്ഷം രൂപയിലേറെ ശമ്പളം വാങ്ങിയിരുന്ന ഉദ്യോഗസ്ഥനായിരുന്നു. ഒരു വർഷം മുൻപ് അമ്മ മരിച്ചതോടെ ഒറ്റപ്പെട്ട കെവിൻ, ഉന്നതരുമായുള്ള ബന്ധത്തിലൂടെയാണ് ലഹരി ഇടപാടുകളിലേക്ക് തിരിഞ്ഞതെന്ന് പോലീസ് പറയുന്നു. ബെംഗളൂരുവിൽ നിന്നാണ് ഇയാൾ കൊച്ചിയിലേക്ക് മയക്കുമരുന്ന് എത്തിച്ചിരുന്നത്.
കെവിന്റെ ഫോൺ പരിശോധിച്ചപ്പോൾ കൊച്ചിയിലെ ചില പ്രമുഖ ഡോക്ടർമാരുടെ വിവരങ്ങൾ പോലീസിന് ലഭിച്ചു. ഇവർക്ക് ലഹരി ഇടപാടുമായി ബന്ധമുണ്ടോ എന്ന് പോലീസ് പരിശോധിച്ചുവരികയാണ്. കഴിഞ്ഞ വർഷം മാത്രം 22 ലക്ഷം രൂപയുടെ മയക്കുമരുന്ന് ഇടപാടുകൾ ഇയാൾ നടത്തിയിട്ടുണ്ട്. നൈറ്റ് പാർട്ടികളിലെ പ്രധാന വിതരണക്കാരനാണ് ഇയാൾ. കടവന്ത്രയിലെ ആഡംബര ഹോട്ടലിൽ നടന്ന ലഹരി പാർട്ടിക്ക് മയക്കുമരുന്ന് എത്തിച്ചതും കെവിൻ ആണെന്ന് കണ്ടെത്തിയിട്ടുണ്ട്.
ലഹരി ഇടപാടുകളുടെ ഭാഗമായി ഇയാൾ തായ്‌ലൻഡ് ഉൾപ്പെടെയുള്ള രാജ്യങ്ങൾ സന്ദർശിച്ചിരുന്നു. കഴിഞ്ഞ വർഷവും ഇയാൾ ഡാൻസാഫിന്റെ പിടിയിലായിരുന്നു. അന്ന് മൂന്ന് യുവതികൾ ഇയാൾക്കൊപ്പമുണ്ടായിരുന്നു. തൃക്കാക്കരയിലെ ലഹരി പാർട്ടിയിൽ നിന്ന് കെവിൻ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടതെന്നും പോലീസ് വെളിപ്പെടുത്തി. കൊച്ചി സിറ്റി പോലീസ് കമ്മീഷണർക്ക് ലഭിച്ച രഹസ്യ വിവരത്തെത്തുടർന്ന് തൃക്കാക്കര വാഴക്കാലയിൽ നിന്നാണ് ഇയാളെ ഡാൻസാഫ് സംഘം പിടികൂടിയത്. ചോദ്യം ചെയ്യലിൽ കെവിൻ പരസ്പരവിരുദ്ധമായ കാര്യങ്ങളാണ് പറയുന്നതെന്ന് പോലീസ് പറഞ്ഞു.

