ന്യൂഡൽഹി: ഡൽഹിയിൽ കാർ സ്കൂട്ടറിലിടിച്ച് ഫ്ലൈഓവറിൽ നിന്ന് താഴേക്ക് വീണ് ഫുഡ് ഡെലിവറി ഏജന്റ് മരിച്ചു (Delhi Road Accident). വ്യാഴാഴ്ച രാവിലെ തെക്കുപടിഞ്ഞാറൻ ഡൽഹിയിലെ ഡാബ്രി ഫ്ലൈഓവറിലാണ് അപകടമുണ്ടായത്. ജാർഖണ്ഡിലെ ഗോഡ്ഡ ജില്ലയിൽ നിന്നുള്ള രാജ്കുമാർ ആണ് മരിച്ചതെന്ന് പോലീസ് സ്ഥിരീകരിച്ചു.
പങ്ക റോഡിലെ ഡാബ്രി ഫ്ലൈഓവറിൽ വെച്ച് രാജ്കുമാർ സഞ്ചരിച്ചിരുന്ന സ്കൂട്ടറിൽ അമിതവേഗതയിലെത്തിയ കാർ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ രാജ്കുമാർ ഫ്ലൈഓവറിൽ നിന്ന് താഴേക്ക് തെറിച്ചു വീണു. രാവിലെ 7:35 ഓടെ വിവരം ലഭിച്ച പോലീസ് സംഭവസ്ഥലത്തെത്തുമ്പോൾ തകർന്ന നിലയിലുള്ള സ്കൂട്ടറും കാറും ഫ്ലൈഓവറിൽ കണ്ടെത്തി. ഗുരുതരമായി പരിക്കേറ്റ് താഴെ കിടക്കുകയായിരുന്ന രാജ്കുമാറിനെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ഡൽഹിയിലെ ഒരു സ്വകാര്യ ഫുഡ് ഡെലിവറി സ്ഥാപനത്തിൽ ജോലി ചെയ്തുവരികയായിരുന്നു രാജ്കുമാർ. അപകടത്തിന് പിന്നാലെ കാർ ഡ്രൈവർ സംഭവസ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ടു. അപകടമുണ്ടാക്കിയ കാർ ഡാബ്രി സ്വദേശിയുടേതാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. മൃതദേഹം മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ഒളിവിൽ പോയ ഡ്രൈവറെ കണ്ടെത്താൻ ഡൽഹി പോലീസ് അന്വേഷണം ഊർജിതമാക്കി.
Story Summary: A food delivery executive named Rajkumar died after being knocked off the Dabri flyover in Southwest Delhi by a speeding car. The collision caused him to fall from the flyover, leading to fatal injuries, while the car driver fled the scene.

