തിരുവനന്തപുരം: പാൽ വില വർധിപ്പിക്കാനുള്ള മിൽമയുടെ ശുപാർശയ്ക്ക് സർക്കാർ പച്ചക്കൊടി കാട്ടി (Milma Milk Price Hike). ലിറ്ററിന് നാല് രൂപ വരെയാണ് വർധിക്കാൻ സാധ്യതയെന്നാണ് സൂചന. ഇതുസംബന്ധിച്ച അന്തിമ തീരുമാനം ബുധനാഴ്ച ചേരുന്ന മിൽമ ഡയറക്ടർ ബോർഡ് യോഗത്തിൽ കൈക്കൊള്ളും.
ഉൽപ്പാദന ചെലവ് വർധിച്ച സാഹചര്യത്തിൽ ലിറ്ററിന് 4 മുതൽ 6 രൂപ വരെ വർധിപ്പിക്കണമെന്നായിരുന്നു മിൽമയുടെ ആവശ്യം. ഇക്കാര്യം ഉന്നയിച്ച് സർക്കാരിന് നേരത്തെ കത്തുനൽകിയിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പ് പ്രമാണിച്ച് വില വർധനവ് സർക്കാർ താൽക്കാലികമായി നീട്ടിവെക്കുകയായിരുന്നു. എന്നാൽ തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ വില വർധിപ്പിക്കണമെന്ന ആവശ്യത്തിൽ മിൽമ ഉറച്ചുനിന്നു.
വില വർധനവ് ഉടൻ നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ട് മിൽമ ചെയർമാൻ കെ.എസ്. മണിയുടെ നേതൃത്വത്തിൽ പട്ടം മിൽമ ആസ്ഥാനത്ത് പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. കർഷകർക്ക് പാലിന് കൂടുതൽ വില ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ വർധനവെന്നാണ് മിൽമയുടെ വിശദീകരണം. എന്നാൽ പാൽ വില വർധിക്കുന്നത് സാധാരണക്കാരുടെ കുടുംബ ബജറ്റിനെ ബാധിക്കും. ബുധനാഴ്ചത്തെ യോഗത്തിന് ശേഷം വർധിപ്പിച്ച തുക എത്രയെന്നും എന്നുമുതൽ പ്രാബല്യത്തിൽ വരുമെന്നും ഔദ്യോഗികമായി അറിയിക്കും.
Story Summary: The Kerala government has approved a hike in Milma milk prices, with an expected increase of up to ₹4 per liter. While Milma had initially recommended a hike of ₹4 to ₹6 due to rising production costs, the decision was deferred by the government in view of the Assembly elections. A final decision on the revised rates and the effective date will be taken during the Milma Board of Directors meeting scheduled for Wednesday.

