കൊച്ചി: ഇടപ്പള്ളി–അരൂർ ദേശീയപാതയിലെ തൈക്കൂടം പാലത്തിൽ മിനി ലോറി നിയന്ത്രണം വിട്ട് അപകടത്തിൽപ്പെട്ടു. ഇന്ന് പുലർച്ചെ 5.30-ഓടെയായിരുന്നു സംഭവം. പാലത്തിന്റെ കൈവരി തകർത്ത് മുൻഭാഗം പുഴയിലേക്ക് തൂങ്ങിക്കിടക്കുന്ന നിലയിലായിരുന്നു ലോറി.(Mini lorry lost control and crashed into the bridge railing, It hung in the river for several hours)
വൈറ്റില ഭാഗത്ത് നിന്ന് അരൂർ ഭാഗത്തേക്ക് പോവുകയായിരുന്നു മിനി പാഴ്സൽ ലോറി. നിയന്ത്രണം വിട്ട വാഹനം പാലത്തിന്റെ കൈവരി ഇടിച്ചുതകർത്ത് പുഴയിലേക്ക് മറിയുന്ന രീതിയിലായി. മുൻവശത്തെ ടയറുകൾ കൈവരിക്ക് പുറത്തായതോടെ ലോറി വായുവിൽ തൂങ്ങിക്കിടന്നു. എന്നാൽ ക്യാബിനുള്ളിലുണ്ടായിരുന്ന ഡ്രൈവറും മറ്റൊരു ജീവനക്കാരനും ലോറിയിൽ നിന്ന് പുറത്തേക്ക് ഊർന്നിറങ്ങി പാലത്തിലേക്ക് കയറിയതിനാൽ വലിയ ദുരന്തം ഒഴിവായി.
രാവിലെ 9 മണിയോടെ വലിയ ക്രെയിനുകൾ എത്തിച്ചാണ് വാഹനം മാറ്റിയത്. അപകടത്തിനിടെ പാലത്തിന് സമീപത്തെ പൈപ്പ് ലൈൻ തകർന്ന് ചമ്പക്കര കനാലിലേക്ക് വീണു. കനാലിലൂടെ പോകുകയായിരുന്ന ഒരു ബോട്ടിന്റെ മുകൾഭാഗത്ത് ഈ പൈപ്പ് ലൈൻ കുടുങ്ങിയത് കനാലിലെ ഗതാഗതത്തെയും ബാധിച്ചു.

