തിരുവനന്തപുരം: സംസ്ഥാന കോൺഗ്രസിൽ മുഖ്യമന്ത്രി പദത്തിനായി നേതാക്കൾക്കിടയിൽ വടംവലി തുടരുന്നതിനിടെ, ഈ ചർച്ചകളോടുള്ള വിയോജിപ്പ് പരസ്യമാക്കി കെ. ബാബു രംഗത്തെത്തി. മുഖ്യമന്ത്രി ആരാകുമെന്ന് മെയ് 4-ന് ശേഷം തീരുമാനിക്കാമെന്നും പത്ത് വർഷമായി തല്ലുവാങ്ങുന്ന സാധാരണ കോൺഗ്രസ് പ്രവർത്തകർക്ക് ഈ ചർച്ചകളിൽ താല്പര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.(Who will be the opposition leader in Kerala? K Babu with a counter-question in the CM discussions)
മുഖ്യമന്ത്രിയെക്കുറിച്ച് മാത്രം ചർച്ച ചെയ്താൽ പോര, ആരാകും കേരളത്തിലെ പ്രതിപക്ഷ നേതാവ് എന്നുകൂടി ചർച്ച ചെയ്യണ്ടേ എന്ന് അദ്ദേഹം ചോദിച്ചു. കഴിഞ്ഞ പത്ത് വർഷമായി കഷ്ടപ്പെടുന്ന കോൺഗ്രസ് പ്രവർത്തകർക്കോ, മാറ്റം ആഗ്രഹിച്ച് വോട്ട് ചെയ്ത ജനങ്ങൾക്കോ ഇപ്പോൾ നടക്കുന്ന ഇതിനോട് താല്പര്യമില്ല എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കേന്ദ്ര നിരീക്ഷകർ എത്തി എംഎൽഎമാരുടെ അഭിപ്രായം തേടും. തുടർന്ന് ഡൽഹിയിലെ നേതൃത്വം അന്തിമ തീരുമാനമെടുക്കും. ഈ രീതിയിൽ മാറ്റമുണ്ടാകുമെന്ന് കരുതുന്നില്ല. തിരഞ്ഞെടുക്കപ്പെട്ട എംഎൽഎമാരിൽ നിന്നാണോ മുഖ്യമന്ത്രിയെ കണ്ടെത്തുക എന്ന ചോദ്യത്തിന്, “കോൺഗ്രസുകാരൻ ആയിരിക്കും മുഖ്യമന്ത്രി” എന്നായിരുന്നു അദ്ദേഹത്തിന്റെ ചുരുങ്ങിയ മറുപടി.

