തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും നാളെയും കടുത്ത ചൂട് തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. സാധാരണ താപനിലയേക്കാൾ 3°C മുതൽ 4°C വരെ ചൂട് വർദ്ധിക്കാൻ സാധ്യതയുള്ളതിനാൽ വിവിധ ജില്ലകളിൽ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു. അന്തരീക്ഷ താപനില ഉയരുന്ന സാഹചര്യത്തിൽ സൂര്യാഘാതം, നിർജ്ജലീകരണം എന്നിവയ്ക്കെതിരെ ജാഗ്രത പാലിക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു.(Kerala is burning, High temperature warning in districts, caution required)
പാലക്കാട് 40°C വരെ ചൂട് ഉയർന്നേക്കാം, കൊല്ലം, കോട്ടയം, പത്തനംതിട്ട, തൃശ്ശൂർ, കോഴിക്കോട് ജില്ലകളിൽ താപനില 38°C വരെ ഉയരാൻ സാധ്യതയുണ്ട്. എറണാകുളം, ആലപ്പുഴ, മലപ്പുറം, കണ്ണൂർ, കാസർകോട് ജില്ലകളിൽ 37°C വരെ ചൂട് അനുഭവപ്പെട്ടേക്കാം. തിരുവനന്തപുരം ജില്ലയിൽ 36°C വരെ താപനില ഉയരാനാണ് സാധ്യത.
ചൂട് മൂലമുണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങൾ ഒഴിവാക്കാൻ നിർദ്ദേശങ്ങൾ പാലിക്കണമെന്ന് അധികൃതർ അറിയിച്ചു. ദാഹമില്ലെങ്കിലും ഇടയ്ക്കിടെ ധാരാളം വെള്ളം കുടിക്കുക. പകൽ 11 മണി മുതൽ 3 മണി വരെ നേരിട്ട് വെയിൽ ഏൽക്കുന്നത് പരമാവധി ഒഴിവാക്കുക. പുറംജോലികളിൽ ഏർപ്പെടുന്നവർ ജോലി സമയം ഇതിനനുസരിച്ച് പുനഃക്രമീകരിക്കണം. അയഞ്ഞ, ഇളം നിറത്തിലുള്ള പരുത്തി വസ്ത്രങ്ങൾ ധരിക്കാൻ ശ്രദ്ധിക്കുക. പ്രായമായവർ, ഗർഭിണികൾ, കുട്ടികൾ എന്നിവർ ഉച്ചസമയത്ത് വെയിൽ ഏൽക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. നിർജ്ജലീകരണം തടയാൻ പഴച്ചാറുകൾ, ഒ.ആർ.എസ് ലായനി എന്നിവ ഉപയോഗിക്കുന്നത് ഉചിതമായിരിക്കും. പുറത്തിറങ്ങുന്നവർ കുടയോ തൊപ്പിയോ കരുതണമെന്നും നിർദ്ദേശമുണ്ട്.

