കൊച്ചി: അങ്കമാലിയിൽ ട്രാൻസ്‌ഫോമറിനുള്ളിൽ കയറി ഒളിച്ച മലമ്പാമ്പിനെ മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിൽ പിടികൂടി (Python Inside Transformer Angamaly). വെള്ളിയാഴ്ച അർദ്ധരാത്രിയോടെ അങ്കമാലി കരയാംപറമ്പ് മാഞ്ഞാലി തോടിന് സമീപമുള്ള ട്രാൻസ്‌ഫോമറിലാണ് പാമ്പ് കയറിയത്. തോട്ടിലൂടെ ഇഴഞ്ഞുവന്ന പാമ്പ് ട്രാൻസ്‌ഫോമറിലേക്ക് കയറുന്നത് കണ്ട നാട്ടുകാരാണ് വിവരം വനംവകുപ്പിനെ അറിയിച്ചത്.
പാമ്പ് ട്രാൻസ്‌ഫോമറിനുള്ളിലായതിനാൽ വലിയ അപകടസാധ്യത കണക്കിലെടുത്ത് ഉടൻ തന്നെ കെഎസ്ഇബി ഉദ്യോഗസ്ഥരെത്തി പ്രദേശം വൈദ്യുതി ബന്ധം വിച്ഛേദിച്ചു. തുടർന്ന് വനംവകുപ്പ് ഉദ്യോഗസ്ഥരെത്തി അതീവ ജാഗ്രതയോടെ പാമ്പിനെ താഴെയിറക്കി ചാക്കിലാക്കുകയായിരുന്നു. വനമേഖലയിൽ നിന്ന് തോട് വഴി പാമ്പ് ജനവാസ മേഖലയിൽ എത്തിയതാകാമെന്നാണ് വനംവകുപ്പിന്റെ നിഗമനം.
പെരുമ്പാവൂർ മണ്ണൂർ കുഴുരിലും സമാനമായ രീതിയിൽ പാമ്പിനെ പിടികൂടി. ഒരു സ്വകാര്യ വ്യക്തിയുടെ പറമ്പിലെ മാളത്തിൽ ഇരുപതോളം മുട്ടകൾക്ക് മുകളിൽ അടയിരിക്കുകയായിരുന്ന മൂർഖൻ പാമ്പിനെയാണ് പിടികൂടിയത്. കുട്ടികൾ കളിക്കുന്നതിനിടെയാണ് പാമ്പിനെ കണ്ടത്. വേനൽച്ചൂട് കടുത്തതോടെ പാമ്പുകൾ ജനവാസ മേഖലകളിലേക്ക് ഇറങ്ങുന്നത് വർദ്ധിച്ചിരിക്കുകയാണ്.
Summary: A python that hid inside a transformer at Angamaly Karayamparambu was captured after a multi-hour operation late Friday night. After locals spotted the snake entering the transformer near Manjali canal, KSEB officials cut the power supply, and forest officials successfully rescued the python. In a separate incident at Perumbavoor, a cobra sitting on 20 eggs was captured from a residential plot.

