തിരുവനന്തപുരം: കസ്റ്റഡി മർദ്ദനമുൾപ്പെടെയുള്ള നിരവധി ഗുരുതര ആരോപണങ്ങളിൽ ഉന്നതതല അന്വേഷണം നേരിടുകയും കോടതി ശിക്ഷിക്കുകയും ചെയ്ത ഡിവൈഎസ്‌പി മധു ബാബുവിന് എസ്‌പിയായി സ്ഥാനക്കയറ്റം നൽകാൻ നീക്കം (DYSP Madhu Babu). ഡിപ്പാർട്ട്‌മെന്റൽ പ്രൊമോഷൻ കൗൺസിൽ (DPC) ഇദ്ദേഹത്തിന് സ്ഥാനക്കയറ്റം നൽകാൻ അംഗീകാരം നൽകിയതായാണ് പുറത്തുവരുന്ന വിവരം.
മധു ബാബു കോന്നി എസ്ഐ ആയിരിക്കെ എസ്‌എഫ്‌ഐ പത്തനംതിട്ട മുൻ ജില്ലാ പ്രസിഡന്റ് ജയകൃഷ്ണൻ തണ്ണിത്തോടിനെ ക്രൂരമായി മർദ്ദിച്ച സംഭവം വലിയ വിവാദമായിരുന്നു. മർദ്ദനത്തിൽ ജയകൃഷ്ണന്റെ കർണ്ണപടം തകരുകയും പെപ്പർ സ്പ്രേ പ്രയോഗിക്കുകയും ചെയ്തുവെന്ന പരാതിയെത്തുടർന്ന് ഇദ്ദേഹത്തെ ക്രമസമാധാന ചുമതലയിൽ നിന്ന് നീക്കിയിരുന്നു.
2006 ഓഗസ്റ്റിൽ പള്ളിപ്പുറം സ്വദേശിയെ മർദ്ദിച്ച കേസിൽ മധു ബാബു കുറ്റക്കാരനാണെന്ന് കണ്ടെത്തിയ കോടതി ഇദ്ദേഹത്തെ തടവിനും പിഴയ്ക്കും ശിക്ഷിച്ചിരുന്നു.
സാധാരണഗതിയിൽ തിരഞ്ഞെടുപ്പിന് മുൻപാണ് ഡിപ്പാർട്ട്‌മെന്റൽ പ്രൊമോഷൻ കൗൺസിൽ യോഗം ചേരാറുള്ളതെങ്കിലും, തിരഞ്ഞെടുപ്പ് തിരക്കുകൾക്കിടയിൽ കഴിഞ്ഞ ദിവസമാണ് ഇദ്ദേഹത്തിന്റെ സ്ഥാനക്കയറ്റവുമായി ബന്ധപ്പെട്ട നിർണ്ണായക ഉത്തരവ് പുറത്തിറങ്ങിയത്. ക്രിമിനൽ കേസുകളിൽ ശിക്ഷിക്കപ്പെട്ട ഉദ്യോഗസ്ഥന് ഉന്നത പദവി നൽകാനുള്ള നീക്കം പോലീസ് സേനയ്ക്കുള്ളിലും രാഷ്ട്രീയ വൃത്തങ്ങളിലും വലിയ ചർച്ചകൾക്ക് വഴിവെച്ചിട്ടുണ്ട്.
Story Summary: Controversial DYSP Madhu Babu, who has a history of custodial torture and was previously sentenced by a court for assault, is set to be promoted to SP. Despite past disciplinary actions and serious allegations involving former SFI leaders, the Departmental Promotion Council has cleared his name for advancement.

