ന്യൂഡൽഹി: ആം ആദ്മി പാർട്ടിയിൽ വൻ രാഷ്ട്രീയ അട്ടിമറി. രാജ്യസഭ എംപിയായ രാഘവ് ഛദ്ദ എഎപി വിട്ട് ബിജെപിയിൽ ചേരുന്നതായി പ്രഖ്യാപിച്ചു. ഛദ്ദയ്ക്ക് പുറമെ സഞ്ജയ് സിംഗ് ഒഴികെയുള്ള മറ്റ് എഎപി രാജ്യസഭാംഗങ്ങളും പാർട്ടി വിട്ടതോടെ എഎപിയിൽ വലിയ പിളർപ്പാണ് ഉണ്ടായിരിക്കുന്നത്. അശോക മിത്തൽ, സന്ദീപ് പഥക്ക് എന്നിവരാണ് രാഘവ് ഛദ്ദയോടൊപ്പം പാർട്ടി വിടുന്നതായി പ്രഖ്യാപിച്ച പ്രമുഖർ.(Major political upheaval in AAP, MPs including Raghav Chadha join BJP)
ഡൽഹിയിൽ നടത്തിയ വാർത്താ സമ്മേളനത്തിലാണ് എംപിമാർ തങ്ങളുടെ തീരുമാനം വ്യക്തമാക്കിയത്. പാർട്ടി തനിക്ക് നൽകിയ ഉത്തരവാദിത്തങ്ങൾ മികച്ച രീതിയിൽ പൂർത്തിയാക്കാൻ സാധിച്ചുവെന്ന് പറഞ്ഞ രാഘവ് ഛദ്ദ, ഇതിന് അവസരം നൽകിയ അരവിന്ദ് കെജ്‌രിവാളിന് നന്ദി രേഖപ്പെടുത്തി.
രാജ്യസഭയിലെ പാർട്ടിയുടെ ഡെപ്യൂട്ടി ലീഡർ സ്ഥാനത്തുനിന്ന് നേരത്തെ രാഘവ് ഛദ്ദയെ നീക്കിയിരുന്നു. ഇതിനു പിന്നാലെ പാർട്ടി നേതൃത്വവുമായി അദ്ദേഹം അകൽച്ചയിലായിരുന്നു. തന്നെ പാർട്ടി നിശബ്ദനാക്കാൻ ശ്രമിച്ചുവെങ്കിലും താൻ പരാജയപ്പെട്ടിട്ടില്ലെന്ന് ഛദ്ദ അന്ന് പ്രതികരിച്ചിരുന്നു.
ജനങ്ങളുടെ പ്രശ്നങ്ങൾ പാർലമെന്റിൽ ഉയർത്തുന്ന തന്നെ എന്തിനാണ് പാർട്ടി നിശബ്ദനാക്കുന്നതെന്ന് അദ്ദേഹം സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്സിൽ ചോദിച്ചിരുന്നു. പാർട്ടിയിലെ വിഭാഗീയതയും നേതൃത്വത്തോടുള്ള അതൃപ്തിയുമാണ് രാജ്യസഭാംഗങ്ങളെ കൂട്ടത്തോടെ പാർട്ടി വിടാൻ പ്രേരിപ്പിച്ചത്. ഡൽഹിയിലും പഞ്ചാബിലും ഭരണത്തിലുള്ള ആം ആദ്മി പാർട്ടിക്ക് ദേശീയ രാഷ്ട്രീയത്തിൽ വലിയ തിരിച്ചടിയാണ് ഈ നീക്കം നൽകുന്നത്.

