തിരുവനന്തപുരം: ചിറയിൻകീഴിൽ എട്ട് വയസ്സുകാരൻ പാമ്പുകടിയേറ്റ് മരിച്ച സംഭവത്തിൽ ചിറയിൻകീഴ് താലൂക്ക് ആശുപത്രി സൂപ്രണ്ടിനോട് റിപ്പോർട്ട് തേടി ജില്ലാ മെഡിക്കൽ ഓഫീസർ. ആശുപത്രിയിൽ നിന്ന് കുട്ടിയ്ക്ക് യഥാസമയം മതിയായ ചികിത്സ ലഭ്യമായില്ലെന്ന കുടുംബത്തിന്റെയും നാട്ടുകാരുടെയും പരാതിയെത്തുടർന്നാണ് നടപടി.(8-year-old boy dies of snakebite in Trivandrum, DMO seeks report)
ദിലീപ് – അനു ദമ്പതികളുടെ മകൻ ദിക്ഷൽ ആണ് മരണപ്പെട്ടത്. വ്യാഴാഴ്ച പുലർച്ചെ രണ്ടരയോടെയായിരുന്നു നാടിനെ നടുക്കിയ സംഭവം. മുത്തശ്ശിക്കൊപ്പം ഉറങ്ങാൻ കിടന്നതായിരുന്നു ദിക്ഷൽ. ഉറക്കത്തിനിടെ കാലിൽ എന്തോ കടിച്ചെന്ന് കുട്ടി വീട്ടുകാരോട് പറയുകയായിരുന്നു.
ഉടൻ തന്നെ കുട്ടിയെ ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. പ്രാഥമിക ചികിത്സ നൽകിയ ശേഷം തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റാൻ ഡോക്ടർമാർ നിർദ്ദേശിച്ചു. എന്നാൽ മെഡിക്കൽ കോളേജിലേക്കുള്ള യാത്രാമധ്യേ കുട്ടിയുടെ നില വഷളാവുകയും മരണം സംഭവിക്കുകയുമായിരുന്നു.

