ന്യൂഡൽഹി: കേരളത്തിലെ കോൺഗ്രസ് നേതൃമാറ്റവും മുഖ്യമന്ത്രി സ്ഥാനവും സംബന്ധിച്ച അനിശ്ചിതത്വങ്ങൾക്കിടെ മല്ലികാർജുൻ ഖാർഗെയുമായി കെ. സുധാകരൻ എംപി കൂടിക്കാഴ്ച നടത്തി. പാർലമെന്റിലെ ഖർഗെയുടെ ചേമ്പറിൽ നടന്ന ചർച്ച ഏകദേശം അരമണിക്കൂറോളം നീണ്ടുനിന്നു. (K Sudhakaran meets Mallikarjun Kharge amid CM talks)
വരാനിരിക്കുന്ന ഭരണനേതൃത്വത്തെ സംബന്ധിച്ച നിർണ്ണായക തീരുമാനങ്ങൾ ഈ യോഗത്തിൽ ചർച്ചയായതായാണ് സൂചന. അതേസമയം, കെ.സി. വേണുഗോപാലും ദീപാദാസ് മുൻഷിയും തമ്മിൽ കൂടിക്കാഴ്ച നടത്തി. എന്നാൽ ചർച്ചാവിഷയത്തെക്കുറിച്ചുള്ള മാധ്യമങ്ങളുടെ ചോദ്യങ്ങളോട് പ്രതികരിക്കാൻ കെ.സി. വേണുഗോപാൽ തയ്യാറായില്ല.
കെ.സി. വേണുഗോപാലിനെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് നിർദ്ദേശിച്ചുകൊണ്ടുള്ള ഫെയ്‌സ്ബുക്ക് പോസ്റ്റുകളെത്തുടർന്ന് കെ. സുധാകരനെതിരെ സൈബർ ആക്രമണങ്ങൾ നടന്നിരുന്നു. ഈ സാഹചര്യത്തിൽ കൂടിയാണ് ഹൈക്കമാൻഡുമായുള്ള പുതിയ കൂടിക്കാഴ്ചകൾക്ക് പ്രാധാന്യമേറുന്നത്.

