മലപ്പുറം: വാൽപ്പാറയിലുണ്ടായ വാഹനാപകടത്തിൽ പരിക്കേറ്റവരുടെ ചികിത്സാച്ചെലവ് പൂർണ്ണമായും സർക്കാർ ഏറ്റെടുക്കുമെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. മരിച്ചവരുടെ കുടുംബങ്ങൾക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് പരമാവധി ധനസഹായം ലഭ്യമാക്കുമെന്നും അദ്ദേഹം അറിയിച്ചു. പാങ്ങ് അമ്പലപ്പറമ്പ് ഹയർസെക്കൻഡറി സ്കൂളിലെ പൊതുദർശനത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.(Government will bear the medical expenses, Minister V Sivankutty on Valparai disaster)
അപകടത്തിൽ അധ്യാപകർ നഷ്ടമായ പാങ്ങ് സ്കൂളിൽ അടുത്ത അധ്യയന വർഷം ആരംഭിക്കുന്നതിന് മുൻപായി പുതിയ അധ്യാപകരെ നിയമിക്കും. വിദ്യാർത്ഥികൾക്ക് പ്രത്യേക മാനസികാരോഗ്യ കൗൺസലിങ് ഏർപ്പെടുത്തും. അപകടത്തെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തും. ഇത്തരം ദുരന്തങ്ങൾ ആവർത്തിക്കാതിരിക്കാൻ എല്ലാവരും ജാഗ്രത പുലർത്തണമെന്നും മന്ത്രി അഭ്യർത്ഥിച്ചു. ശമ്പളം വാങ്ങുന്നതിന് വേണ്ടി പഠിപ്പിക്കുന്നു എന്നതിനപ്പുറം ആ വിദ്യാലയത്തിന് അധ്യാപകർ എല്ലാമായിരുന്നു എന്ന് മന്ത്രി അനുസ്മരിച്ചു. കാഴ്ച പരിമിതിയുള്ള അബ്ദുൽ മജീദ് മാഷിന് കൂട്ടായാണ് ഭാര്യ റുഖിയ യാത്രയിൽ ഒപ്പം ചേർന്നത്. യുപി സ്കൂളിലേക്ക് മാറിയിട്ടും പഴയ സഹപ്രവർത്തകരോടുള്ള സ്നേഹം കാരണം യാത്രയിൽ പങ്കുചേർന്നതായിരുന്നു ഷക്കീന ടീച്ചർ. സ്നേഹത്തിന്റെ ആ വലിയ കൂട്ടായ്മയാണ് വാൽപ്പാറയിലെ വളവിൽ പൊലിഞ്ഞത്.
പൊതുദർശനത്തിന് ശേഷം മൃതദേഹങ്ങൾ ഖബറടക്കത്തിനായി വിവിധ മഹല്ലുകളിലേക്ക് കൊണ്ടുപോകും. പാങ്ങ് ജുമാ മസ്ജിദ്: റംലത്ത്, സാജിത, ഷക്കീന, മാട്ടാത്ത് മഹല്ല്: അബ്ദുൽ മജീദ്, റുഖിയ, ഈസ്റ്റ് പാങ്ങ് മസ്ജിദ്: സുഹറ, മകൻ ഹിഷാം, ഷൊർണ്ണൂർ ശാന്തിതീരം: പ്രധാനാധ്യാപിക പി. അജിത, കൊളത്തൂർ: അധ്യാപിക ആശ എന്നിങ്ങനെയാണ് ചടങ്ങുകൾ നടക്കുക.

