മലപ്പുറം: വാൽപ്പാറയിലുണ്ടായ വാഹനാപകടത്തിൽ ജീവൻ നഷ്ടപ്പെട്ട ഒൻപത് പേരുടെയും മൃതദേഹങ്ങൾ ഇന്ന് രാവിലെ എട്ടു മണിയോടെ മലപ്പുറത്തെത്തിച്ചു. പാങ്ങ് അമ്പലപ്പറമ്പ് ഗവ. ഹയർസെക്കൻഡറി സ്കൂളിലാണ് മൃതദേഹങ്ങൾ പൊതുദർശനത്തിന് വെച്ചിരിക്കുന്നത്.(Bodies of 9 people killed in Valparai accident brought back home, public viewing continues)
പാങ്ങ് പള്ളിപ്പറമ്പ് ഗവ. എൽപി സ്കൂളിലെ പ്രിയപ്പെട്ട അധ്യാപകരെയും സഹപ്രവർത്തകരെയും അവസാനമായി ഒരുനോക്ക് കാണാൻ വൻ ജനവലിയാണ് സ്കൂളിലേക്ക് ഒഴുകിയെത്തുന്നത്. പൊതുദർശനത്തിന് ശേഷം ഓരോരുത്തരുടെയും വീടുകളിലേക്ക് മൃതദേഹങ്ങൾ കൊണ്ടുപോകും. തുടർന്ന് വിവിധ മഹല്ലുകളിലായി ഖബറടക്കവും ഹൈന്ദവ ആചാരപ്രകാരമുള്ള സംസ്കാര ചടങ്ങുകളും നടക്കും.
തമിഴ്‌നാട് സർക്കാരിന്റെ പ്രത്യേക ഉത്തരവ് പ്രകാരം പൊള്ളാച്ചി ആശുപത്രിയിൽ ഇന്നലെ അർധരാത്രി പന്ത്രണ്ട് മണിയോടെ ആരംഭിച്ച പോസ്റ്റ്‌മോർട്ടം നടപടികൾ പുലർച്ചെ നാല് മണിയോടെയാണ് പൂർത്തിയായത്. തുടർന്ന് ഒൻപത് ആംബുലൻസുകളിലായി മൃതദേഹങ്ങൾ ഒരുമിച്ച് മലപ്പുറം പാങ്ങിലേക്ക് കൊണ്ടുവരികയായിരുന്നു.
പൊതുദർശനത്തിന് ശേഷം ഓരോരുത്തരുടെയും വീടുകളിലേക്കും നിശ്ചയിച്ച ഖബർസ്ഥാനുകളിലേക്കും മൃതദേഹങ്ങൾ കൊണ്ടുപോകും. പ്രധാനാധ്യാപിക പി. അജിതയുടെ മൃതദേഹം പുലാമന്തോളിലെ വീട്ടിലെത്തിച്ച ശേഷം ഷൊർണ്ണൂരിൽ സംസ്കാരം നടത്തും. റംലത്ത്, സാജിത, ഷക്കീന എന്നിവരുടെ സംസ്‍കാരം പാങ്ങ് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ നടക്കും.
സുഹറ, മകൻ ഹിഷാം എന്നിവരുടേത് ഈസ്റ്റ് പാങ്ങ് മസ്ജിദ് ഖബർസ്ഥാനിലും, അബ്ദുൽ മജീദ്, ഭാര്യ റുഖിയ എന്നിവരുടേത് മാട്ടാത്ത് ഖബർസ്ഥാനിലും, ആശയുടെ മൃതദേഹം കൊളത്തൂരിലെ വീട്ടിലെത്തിച്ച ശേഷം സംസ്കാരം നടത്തുകയും ചെയ്യും. വെള്ളിയാഴ്ച വൈകിട്ട് 5.15-ഓടെയാണ് വാൽപ്പാറ ചുരം റോഡിലെ പതിമൂന്നാം വളവിൽ നിന്ന് വിനോദയാത്രാ സംഘം സഞ്ചരിച്ച വാൻ 500 അടി താഴ്ചയിലേക്ക് മറിഞ്ഞത്. വാനിലുണ്ടായിരുന്ന 13 പേരിൽ ഒൻപത് പേർ മരിച്ചു.
പരിക്കേറ്റ മൂന്നുപേർ കോയമ്പത്തൂർ മെഡിക്കൽ കോളേജിൽ തീവ്രപരിചരണ വിഭാഗത്തിലാണ്. അത്ഭുതകരമായി രക്ഷപ്പെട്ട 11 വയസുകാരി മസ്‌നീൻ പെരിന്തൽമണ്ണ ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്. തന്റെ ഉമ്മയായ ഷക്കീനയുടെ മരണം കുട്ടി ഇനിയും അറിഞ്ഞിട്ടില്ല എന്നത് നാടിന്റെ നൊമ്പരമായി തുടരുന്നു.

