ചെന്നൈ: കേന്ദ്ര സർക്കാർ നടപ്പിലാക്കാൻ ഒരുങ്ങുന്ന മണ്ഡല പുനർനിർണ്ണയ നടപടികൾക്കെതിരെ തമിഴ്‌നാട്ടിലുടനീളം കരിങ്കൊടി പ്രതിഷേധത്തിന് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ ആഹ്വാനം ചെയ്തു. ഡിഎംകെ എംപിമാരുടെയും ജില്ലാ സെക്രട്ടറിമാരുടെയും അടിയന്തര യോഗത്തിന് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. “നമ്മുടെ തലയ്ക്ക് മുകളിൽ തൂങ്ങിനിന്ന വാൾ ഇപ്പോൾ താഴേക്ക് പതിച്ചിരിക്കുകയാണ്” എന്ന് സ്റ്റാലിൻ പറഞ്ഞു.(Constituency re-delimitation, MK Stalin calls for black flag protest against the Center )
വ്യാഴാഴ്ച പാർലമെന്റിൽ ബിജെപി സർക്കാർ കൊണ്ടുവരാൻ ഉദ്ദേശിക്കുന്ന മണ്ഡല പുനർനിർണ്ണയ ഭേദഗതി തമിഴ്‌നാടിനോടും ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളോടും ചെയ്യുന്ന വലിയ ചരിത്രപരമായ അനീതിയാണെന്ന് സ്റ്റാലിൻ ആരോപിച്ചു. ഇന്ത്യയുടെ പുരോഗതിക്കായി മികച്ച സംഭാവനകൾ നൽകുന്ന ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾക്ക് നൽകുന്ന ശിക്ഷയാണോ ഇതെന്ന് അദ്ദേഹം ചോദിച്ചു.
ഏപ്രിൽ 16-ന് തമിഴ്‌നാട്ടിലെ വീടുകളിലും പൊതുസ്ഥലങ്ങളിലും കറുത്ത പതാക ഉയരും. ബിജെപി തീക്കളി നടത്തുകയാണെന്നും ഇതിന്റെ പ്രത്യാഘാതം കഠിനമായിരിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. മണ്ഡല പുനർനിർണ്ണയത്തിനെതിരെ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുടെ കൂട്ടായ്മ രൂപീകരിക്കാനുള്ള ശ്രമത്തിലാണ് സ്റ്റാലിൻ. തെലങ്കാന മുഖ്യമന്ത്രി എ. രേവന്ത് റെഡ്ഡി അയച്ച കത്തിന് മറുപടിയായി, ദക്ഷിണേന്ത്യ ഒറ്റക്കെട്ടായി നിൽക്കുമെന്നും ഫെഡറലിസം സംരക്ഷിക്കുമെന്നും സ്റ്റാലിൻ വ്യക്തമാക്കി. സീറ്റുകൾ അനുവദിക്കുന്നതിന് ജിഎസ്ഡിപി ഉൾപ്പെടെയുള്ള മാനദണ്ഡങ്ങൾ പരിഗണിക്കുന്ന ‘ഹൈബ്രിഡ് മോഡൽ’ ആണ് രേവന്ത് റെഡ്ഡി നിർദ്ദേശിച്ചത്.
കേരള മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെയുള്ള ബിജെപി ഇതര മുഖ്യമന്ത്രിമാരുമായി സ്റ്റാലിൻ നേരത്തെ ചർച്ചകൾ നടത്തിയിരുന്നു. സംസ്ഥാനത്തിന്റെ അവകാശങ്ങൾക്കായി പോരാടിയ 1950-കളിലെയും 60-കളിലെയും ഡിഎംകെയെ രാജ്യം വീണ്ടും കാണേണ്ടി വരുമെന്ന് സ്റ്റാലിൻ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഹിന്ദി വിരുദ്ധ പ്രക്ഷോഭങ്ങളുടെയും സംസ്ഥാന അവകാശ പോരാട്ടങ്ങളുടെയും ആ പഴയ വീര്യം വീണ്ടും പുറത്തെടുക്കുമെന്നാണ് അദ്ദേഹം സൂചിപ്പിച്ചത്.

