ന്യൂഡൽഹി: മണ്ഡല പുനർനിർണ്ണയ ബില്ലുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷമായ ആക്രമണവുമായി കോൺഗ്രസ് രംഗത്ത്. പ്രധാനമന്ത്രിയുടെ പ്രധാന സവിശേഷത ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനുള്ള കഴിവാണെന്ന് കോൺഗ്രസ് നേതാവ് ജയ്റാം രമേശ് വിമർശിച്ചു.(Constituency re-delimitation, Congress strongly criticizes Prime Minister)
ലോക്‌സഭാ സീറ്റുകളുടെ എണ്ണം വർദ്ധിപ്പിക്കുമ്പോൾ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾക്ക് അർഹമായ പ്രാതിനിധ്യം നഷ്ടപ്പെടുമെന്നാണ് കോൺഗ്രസിന്റെ പ്രധാന ആശങ്ക. എല്ലാ സംസ്ഥാനങ്ങൾക്കും ആനുപാതികമായ സീറ്റ് വർദ്ധനവ് ഉണ്ടാകുമെന്ന മുൻ ഉറപ്പുകൾക്ക് വിരുദ്ധമാണ് ഇപ്പോൾ പുറത്തുവന്ന ബില്ലുകളെന്ന് ജയ്റാം രമേശ് പറഞ്ഞു. ഭരണഘടനാ ശില്പിയായ ബി.ആർ. അംബേദ്കറുടെ ജയന്തി ദിനത്തിൽ തന്നെ ഇത്തരമൊരു ബില്ല് പുറത്തിറക്കിയത് ജനാധിപത്യത്തോടുള്ള അപമാനമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ജനസംഖ്യ നിയന്ത്രിച്ചതിന്റെ പേരിൽ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുടെ രാഷ്ട്രീയ സ്വാധീനം കുറയ്ക്കാനുള്ള നീക്കമാണിതെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം. എന്നാൽ, ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾക്ക് യാതൊരുവിധ ആശങ്കയും വേണ്ടെന്ന് പാർലമെന്ററികാര്യ മന്ത്രി കിരൺ റിജിജു വ്യക്തമാക്കി. ജനസംഖ്യാ നിയന്ത്രണം വിജയകരമായി നടപ്പാക്കിയതിന്റെ പേരിൽ ഒരു സംസ്ഥാനത്തിനും ലോക്‌സഭയിലെ പ്രാതിനിധ്യം നഷ്ടപ്പെടില്ലെന്ന് അദ്ദേഹം ഉറപ്പുനൽകി. വരാനിരിക്കുന്ന പ്രത്യേക സമ്മേളനത്തിൽ അവതരിപ്പിക്കുന്ന വനിതാ സംവരണ ബില്ലിനെ ആരും എതിർക്കുന്നില്ലെന്ന് റിജിജു പറഞ്ഞു. സംവരണ പ്രക്രിയ ഇനിയും വൈകുന്നത് രാജ്യത്തിന് ഗുണകരമാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

