തിരുവനന്തപുരം: ‘വാഴ 2: ബയോപിക് ഓഫ് ബില്യൺ ബ്രോസ്’ തിയേറ്ററിൽ കണ്ട് ആസ്വദിച്ച് കെ.സി. വേണുഗോപാൽ എംപി. ഭാര്യ ആശയ്ക്കും മകൾ പാർവതിക്കും ഒപ്പമാണ് അദ്ദേഹം ചിത്രം കാണാനെത്തിയത്. സിനിമ കണ്ടിറങ്ങിയ ഉടൻ തന്നെ ചിത്രത്തിലെ താരങ്ങളെ ഫോണിൽ വിളിച്ച് അദ്ദേഹം തന്റെ സന്തോഷം അറിയിച്ചു.(Hello Hashir, KC Venugopal and family watched Vaazha 2)
സിനിമയിലെ പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്ത ഹാഷിർ, അലൻ, അജിൻ, വിനായക് എന്നിവരെയും സംവിധായകൻ സവിൻ എസ്., തിരക്കഥാകൃത്ത് വിപിൻ ദാസ് എന്നിവരെയും അദ്ദേഹം അഭിനന്ദിച്ചു. നമ്മൾ നടത്തുന്ന ആയിരം പ്രസംഗങ്ങളേക്കാൾ എഫക്ടീവാണ് ‘വാഴ 2’ എന്ന ഒറ്റച്ചിത്രം. ലഹരിക്കെതിരായും മാതാപിതാക്കൾക്കും പുതിയ തലമുറയ്ക്കും വേണ്ടിയുള്ള നല്ല സന്ദേശമാണ് ചിത്രം നൽകുന്നത് എന്ന് കെ.സി. വേണുഗോപാൽ പറഞ്ഞു.
ഇൻസ്റ്റാഗ്രാം റീലുകളിൽ നിന്ന് ബിഗ് സ്ക്രീനിലേക്കുള്ള താരങ്ങളുടെ ചുവടുവെപ്പ് ഒരു ചരിത്രമാണെന്നും തനിക്കും മക്കൾക്കും ചിത്രം ഒരുപോലെ ഇഷ്ടപ്പെട്ടുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. താരങ്ങളുമായുള്ള സംഭാഷണത്തിനിടെ തന്റെ ഭാര്യയെയും മകളെയും അദ്ദേഹം പരിചയപ്പെടുത്തി.

