കൊല്ലം: ശബരിമല സ്വർണക്കൊള്ള കേസിൽ അവസാന പ്രതിയും ജാമ്യപ്രതീക്ഷയിൽ. കെ.പി. ശങ്കരദാസ് സമർപ്പിച്ച സ്വാഭാവിക ജാമ്യഹർജി കൊല്ലം വിജിലൻസ് കോടതി ഇന്ന് പരിഗണിക്കും. കേസന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘം സമയപരിധിക്കുള്ളിൽ കുറ്റപത്രം സമർപ്പിക്കാത്തതാണ് പ്രതിക്ക് തുണയായത്.(Sabarimala gold theft case, Court to consider KP Sankaradas’s bail plea today)
2026 ജനുവരിയിലാണ് കെ.പി. ശങ്കരദാസിനെ എസ്.ഐ.ടി അറസ്റ്റ് ചെയ്തത്. കട്ടിളപ്പാളി കേസ്, ദ്വാരപാലക ശില്പ കേസ് എന്നിവയിൽ പ്രതിയായ അദ്ദേഹത്തിന്റെ റിമാൻഡ് കാലാവധി 90 ദിവസം പൂർത്തിയായി. നിയമപ്രകാരം നിശ്ചിത സമയത്തിനുള്ളിൽ കുറ്റപത്രം സമർപ്പിക്കാൻ അന്വേഷണസംഘത്തിന് സാധിക്കാത്ത സാഹചര്യത്തിലാണ് പ്രതി ‘സ്റ്റാറ്റ്യൂട്ടറി ജാമ്യത്തിനായി’ കോടതിയെ സമീപിച്ചത്. നേരത്തെ ആരോഗ്യകാരണങ്ങൾ ചൂണ്ടിക്കാട്ടി ജാമ്യത്തിന് ശ്രമിച്ചിരുന്നെങ്കിലും കോടതി അത് തള്ളിയിരുന്നു.
കേസിലെ മറ്റ് പ്രധാന പ്രതികളെല്ലാം നേരത്തെ തന്നെ ജാമ്യം നേടി പുറത്തിറങ്ങിയിരുന്നു. ഒന്നാം പ്രതി ഉണ്ണികൃഷ്ണൻ പോറ്റി, എ. പത്മകുമാർ, തന്ത്രി കണ്ഠര് രാജീവര് തുടങ്ങിയവർക്കെല്ലാം നേരത്തെ ജാമ്യം ലഭിച്ചിരുന്നു. ശങ്കരദാസ് കൂടി പുറത്തിറങ്ങുന്നതോടെ കേസിലെ എല്ലാ പ്രതികളും ജാമ്യത്തിലാകും.

