നേമം മണ്ഡലത്തിൽ ബിജെപി വ്യാപകമായി പണവും മദ്യവും ഒഴുക്കുന്നു എന്ന ആരോപണം പച്ചക്കള്ളമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. വി. ശിവൻകുട്ടിക്ക് വികസന നേട്ടങ്ങൾ ഒന്നും പറയാനില്ലാത്തതിനാലാണ് ഇത്തരത്തിലുള്ള അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു ( BJP Nemom Campaign Allegations). എല്ലാ ദിവസവും ഓരോരോ നുണക്കഥകൾ ഉണ്ടാക്കി പറയുകയാണ് എതിരാളികളുടെ പതിവെന്നും രാജീവ് ചന്ദ്രശേഖർ കുറ്റപ്പെടുത്തി.
വർഷങ്ങളായി എംഎൽഎയായി ഇരിക്കുന്ന ശിവൻകുട്ടിക്ക് തന്റെ മണ്ഡലത്തിലെ വികസനത്തെക്കുറിച്ച് ഒന്നും മിണ്ടാനില്ല. തോൽവി ഉറപ്പായതിന്റെ നിരാശയിലാണ് ഇത്തരം ആരോപണങ്ങൾ ഉന്നയിക്കുന്നത്. കഴിഞ്ഞ ദിവസം ‘ഡീൽ’ രാഷ്ട്രീയത്തെക്കുറിച്ചാണ് പറഞ്ഞതെങ്കിൽ ഇന്ന് അത് പണത്തിലേക്കും മദ്യത്തിലേക്കും മാറിയിരിക്കുന്നു. പണം നൽകി എന്ന് പറയുന്നതിൽ വല്ല തെളിവുമുണ്ടെങ്കിൽ അത് പൊലീസിൽ നൽകി പരാതിപ്പെടുകയാണ് വേണ്ടതെന്നും അദ്ദേഹം വെല്ലുവിളിച്ചു.
സംസ്ഥാനത്ത് കൂടുതൽ ബാർ ലൈസൻസ് അനുവദിച്ചത് ഏത് സർക്കാരാണെന്ന് എല്ലാവർക്കും അറിയാമെന്നും രാജീവ് ചന്ദ്രശേഖർ പരിഹസിച്ചു. ഓരോ ദിവസം കഴിയുന്തോറും പുതിയ പുതിയ നുണകളുമായി വരുന്നത് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനാണ്. എന്നാൽ നേമത്തെ ജനങ്ങൾ ഇത്തരം പ്രചാരണങ്ങളെ പുച്ഛിച്ചു തള്ളുമെന്നും വികസനത്തിന് വോട്ട് ചെയ്യുമെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.
Summary: BJP State President Rajeev Chandrasekhar has dismissed allegations that the party is distributing money and liquor in the Nemom constituency as “absolute lies.” He stated that V. Sivankutty is resorting to such claims because he has no developmental achievements to showcase after years of being an MLA. Chandrasekhar challenged the opposition to provide evidence to the police if their claims were true, adding that the allegations stem from the fear of an impending defeat.

