ന്യൂഡൽഹി: ശബരിമല യുവതീപ്രവേശവുമായി ബന്ധപ്പെട്ട നിയമപ്രശ്നങ്ങൾ പരിഗണിക്കുന്ന ഒൻപതംഗ ഭരണഘടനാ ബെഞ്ച് ഇന്ന് വീണ്ടും വാദം കേൾക്കും. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചിന് മുൻപാകെ കേന്ദ്ര സർക്കാരിന് വേണ്ടി സോളിസിറ്റർ ജനറൽ തുഷാർ മേത്തയാണ് വാദങ്ങൾ നിരത്തുന്നത്.(Sabarimala women’s entry, Arguments in Supreme Court to continue today)
ശബരിമലയിൽ യുവതീപ്രവേശം അനുവദിച്ചുകൊണ്ടുള്ള അഞ്ചംഗ ബെഞ്ചിന്റെ മുൻ വിധി തെറ്റാണെന്നും അത് തിരുത്തണമെന്നുമാണ് കേന്ദ്രസർക്കാർ സുപ്രീംകോടതിയിൽ സ്വീകരിച്ചിരിക്കുന്ന നിലപാട്. ശബരിമലയിലെ ആചാരങ്ങളെ ലിംഗവിവേചനമായി കാണരുത്.
ആചാരപരമായ നിയന്ത്രണങ്ങളെ ‘തൊട്ടുകൂടായ്മ’യായി വ്യാഖ്യാനിക്കരുതെന്നും കേന്ദ്രം കോടതിയെ അറിയിച്ചു. ഇന്നലത്തെ വാദത്തിനിടെ ഭരണഘടനാ ബെഞ്ചിന്റെ ഭാഗമായ ജസ്റ്റിസ് ബി.വി. നാഗരത്ന നടത്തിയ നിരീക്ഷണം ശ്രദ്ധേയമായിരുന്നു. സ്ത്രീകൾക്ക് ആർത്തവ സമയത്ത് ഇപ്പോഴും സമൂഹത്തിൽ പലയിടത്തും തൊട്ടുകൂടായ്മ നേരിടേണ്ടി വരുന്നുണ്ടെന്ന് ജസ്റ്റിസ് നിരീക്ഷിച്ചു.

