കൊച്ചി: പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെതിരായ കെ സുധാകരൻ്റെ ‘വനവാസ’ പരാമർശത്തെ ട്രോളി പി.എം. ആർഷോ. സതീശനെ പിടികൂടി കാട്ടിൽ വിടാൻ സുധാകരൻ പ്രത്യേക കൂട് നിർമ്മിക്കുകയാണെന്ന തരത്തിൽ ഫേസ്ബുക്കിലൂടെയാണ് ആർഷോ പരിഹാസം ഉന്നയിച്ചത്.(Anyway, happy vanavasam, PM Arsho mocks VD Satheesan)
വന്യമൃഗങ്ങളെ പിടികൂടാൻ വനംവകുപ്പ് തയ്യാറാക്കുന്ന കൂടിന്റെ നിർമ്മാണ ഘട്ടങ്ങളെ വിവരിച്ചുകൊണ്ടാണ് ആർഷോ കോൺഗ്രസ് നേതാക്കളെ പരിഹസിച്ചത്. പ്രത്യേക വിദഗ്ധസംഘത്തിന്റെ മേൽനോട്ടത്തിലാണ് കൂടിന്റെ നിർമ്മാണം പുരോഗമിക്കുന്നത്. മൂന്ന് ടൺ ഇരുമ്പ് കൊണ്ടുണ്ടാക്കിയ രണ്ട് ലെയറുകളാണുള്ളത്. കൂടിന്റെ മുൻഭാഗം അടഞ്ഞ നിലയിലാണെന്നും പിന്നിൽ പ്രത്യേക ഇരുമ്പ് വാതിലുകളുണ്ടെന്നും ആർഷോ വിവരിക്കുന്നു. പുറത്തുനിന്ന് മാത്രമേ ഈ വാതിൽ തുറക്കാൻ കഴിയൂ.
പുലിയെ പിടിക്കാനുള്ള കൂടല്ല ഗയ്സ്, സതീശേട്ടനെ പിടിച്ച് കൂട്ടിലാക്കി ഉൾവനത്തിൽ കൊണ്ടുപോയി തുറന്നുവിടാനാവശ്യമായ പ്രത്യേക കൂടിന്റെ പണി സുധാകരേട്ടൻ തുടങ്ങിയത്രെ.. കണ്ണിഞ്ചിപ്പിക്കുന്ന സൗകര്യങ്ങൾ വേറെയുമുണ്ട് കൂട്ടിൽ എന്നാണ് വിവരം.. എനിവേ ഹാപ്പി വനവാസം, എന്നാണ് അദ്ദേഹം കുറിച്ചത്. അസ്വാരസ്യങ്ങൾ വാർത്തകളിൽ നിറഞ്ഞുനിൽക്കുന്ന പശ്ചാത്തലത്തിലാണ് ഇടത് നേതാവിന്റെ ഈ ഫേസ്ബുക്ക് പോസ്റ്റ് ശ്രദ്ധേയമാകുന്നത്.
കുറിപ്പിൻ്റെ പൂർണ്ണരൂപം
പ്രത്യേക വിദഗ്ധസംഘത്തിന്റെ മേൽനോട്ടത്തിലാണ് കൂടിന്റെ നിർമ്മാണം പുരോഗമിക്കുന്നത്.
മൂന്ന് ടൺ ഇരുമ്പ് കൊണ്ടുണ്ടാക്കിയ രണ്ട് ലെയറുകളാണുള്ളത്.
കൂടിൻ്റെ മുൻഭാഗം പൂർണമായി അടച്ച നിലയിലാണ്.
ഇതിനു തൊട്ടടുത്തായി സാധാരണ പ്രതലത്തിൽ നിന്നുമുള്ള സ്പ്രിംഗിൽ ഉയർന്നു നിൽക്കുന്ന പ്ലാറ്റ്ഫോമുണ്ട്.
കൂടിൻ്റെ പിൻഭാഗം പൂർണമായി തുറന്ന് പൊങ്ങിയിരിക്കും.
ഏറ്റവും പിന്നിൽ പ്ലാറ്റ്ഫോമുമായി ബന്ധിപ്പിക്കാൻ കഴിയും വിധത്തിൽ രണ്ട് ഇരുമ്പു വാതിലുകളാണുള്ളത്. അടച്ചു കഴിഞ്ഞാൽ പിന്നീട് പുറത്തു നിന്നു മാത്രമേ പിന്നിലെ വാതിൽ തുറക്കാൻ കഴിയുകയുള്ളൂ.
പുലിയെ പിടിക്കാനുള്ള കൂടല്ല ഗയ്സ്,
സതീശേട്ടനെ പിടിച്ച് കൂട്ടിലാക്കി ഉൾവനത്തിൽ കൊണ്ടുപോയി തുറന്നുവിടാനാവശ്യമായ പ്രത്യേക കൂടിന്റെ പണി സുധാകരേട്ടൻ തുടങ്ങിയത്രെ..
കണ്ണിഞ്ചിപ്പിക്കുന്ന സൗകര്യങ്ങൾ വേറെയുമുണ്ട് കൂട്ടിൽ എന്നാണ് വിവരം..
എനിവേ ഹാപ്പി വനവാസം

