ഹൈദരാബാദ്: തെലങ്കാനയിൽ പാചകവാതകത്തിന്റെ അനധികൃത വിൽപനയ്ക്കും കരിഞ്ചന്തയ്ക്കുമെതിരെ സിവിൽ സപ്ലൈസ് വകുപ്പ് നടത്തിയ വ്യാപക പരിശോധനയിൽ 1.1 കോടി രൂപ വിലമതിക്കുന്ന ഗ്യാസ് സിലിണ്ടറുകൾ പിടിച്ചെടുത്തു. മാർച്ച് 12 മുതൽ ഏപ്രിൽ 3 വരെയുള്ള കാലയളവിൽ സംസ്ഥാനത്തുടനീളം നടത്തിയ പരിശോധനയിലാണ് 3,699 ഗാർഹിക സിലിണ്ടറുകളും 70 ചെറിയ സിലിണ്ടറുകളും കണ്ടെടുത്തത്.(LPG cylinder hunt in Telangana, Cylinders worth Rs 1.1 crore seized)
ഗാർഹിക സിലിണ്ടറുകൾ അനധികൃതമായി വാണിജ്യ ആവശ്യങ്ങൾക്ക് ഉപയോഗിച്ചവർക്കും കരിഞ്ചന്തക്കാർക്കുമെതിരെ ശക്തമായ നിയമനടപടികളാണ് സ്വീകരിക്കുന്നത്. അവശ്യസാധന നിയമത്തിലെ സെക്ഷൻ 6 എ പ്രകാരം 1,275 കേസുകളും 216 എഫ്‌ഐആറുകളും ഇതുവരെ രജിസ്റ്റർ ചെയ്തു.
മാർച്ച് 12-ന് ശേഷം ആകെ 12,000 പരിശോധനകൾ നടത്തിയിട്ടുണ്ട്. ഇതിനോടകം 15,000-ൽ അധികം എൽപിജി സിലിണ്ടറുകൾ വിവിധയിടങ്ങളിൽ നിന്നായി പിടിച്ചെടുത്തു. പശ്ചിമേഷ്യൻ സംഘർഷത്തെത്തുടർന്ന് ഹോർമുസ് കടലിടുക്ക് അടച്ച സാഹചര്യത്തിൽ ഇന്ധനക്ഷാമം ഉണ്ടാകുമെന്ന കിംവദന്തികൾ പരന്നതാണ് കരിഞ്ചന്ത സജീവമാകാൻ കാരണമായത്. ഇന്ധനക്ഷാമം ഭയന്ന് കഴിഞ്ഞ തിങ്കളാഴ്ച മാത്രം 70,000 ‘പാനിക് ബുക്കിംഗുകൾ’ നടന്നതായി പെട്രോളിയം മന്ത്രാലയം ജോയിന്റ് സെക്രട്ടറി അറിയിച്ചു. രാജ്യത്തെ എല്ലാ പെട്രോൾ പമ്പുകളിലും ആവശ്യത്തിന് സ്റ്റോക്കുണ്ടെന്നും എവിടെയും ‘ഡ്രൈ ഔട്ട്’ റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും സർക്കാർ വ്യക്തമാക്കി.

