ചെന്നൈ: തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനിൽക്കുന്ന തമിഴ്‌നാട്ടിൽ മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്റെ വാഹനം തടഞ്ഞ് തിരഞ്ഞെടുപ്പ് ഫ്ലൈയിങ് സ്‌ക്വാഡിന്റെ പരിശോധന. ചൊവ്വാഴ്ച രാവിലെ തിരുച്ചി-നാഗപട്ടണം ദേശീയ പാതയിലെ സലിയമംഗലത്തു വെച്ചാണ് മുഖ്യമന്ത്രി സഞ്ചരിച്ച വാഹനത്തിൽ ഉദ്യോഗസ്ഥർ അപ്രതീക്ഷിത പരിശോധന നടത്തിയത്.(Election squad conducts sudden check by stopping MK Stalin’s vehicle)
ഡി.എം.കെ.യുടെ പ്രചാരണ പരിപാടികൾക്കായി ചെന്നൈയിൽ നിന്ന് തിരുവാരൂരിലേക്ക് പോകുന്നതിനിടെയായിരുന്നു പരിശോധന. വാഹനത്തിന്റെ മുൻസീറ്റിലിരുന്ന മുഖ്യമന്ത്രി പരിശോധനാ നടപടികളോട് പൂർണ്ണമായും സഹകരിക്കുന്നത് ഡി.എം.കെ പുറത്തുവിട്ട ദൃശ്യങ്ങളിൽ വ്യക്തമാണ്. വാഹനത്തിന്റെ മുൻഭാഗത്തും പിൻഭാഗത്തും ഉദ്യോഗസ്ഥർ വിശദമായ പരിശോധന നടത്തി.
ചാർട്ടേർഡ് വിമാനത്തിൽ തഞ്ചാവൂരിലെത്തിയ സ്റ്റാലിൻ അവിടെനിന്ന് റോഡ് മാർഗം തിരുവാരൂരിലേക്ക് പുറപ്പെട്ടതായിരുന്നു. നടൻ വിജയ്‌യുടെ പാർട്ടിയായ ടി.വി.കെ ചട്ടങ്ങൾ ലംഘിക്കുന്നു എന്ന ആരോപണം ഡി.എം.കെ ശക്തമാക്കുന്നതിനിടെയാണ് ഈ ദൃശ്യങ്ങൾ പുറത്തുവന്നത്. നിയമത്തിന് മുന്നിൽ എല്ലാവരും തുല്യരാണെന്നും അച്ചടക്കമില്ലാത്ത പ്രചാരണ രീതിയാണ് വിജയ് പിന്തുടരുന്നതെന്നും ഡി.എം.കെ ആരോപിക്കുന്നു.

