കൊച്ചി: രക്തസാക്ഷി ഫണ്ട് തട്ടിപ്പ് ആരോപണങ്ങളിൽ സിപിഎമ്മിനെതിരെ രൂക്ഷവിമർശനവുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ (V D Satheesan). രക്തസാക്ഷികൾ ഉണ്ടാവുന്നത് സിപിഎമ്മിന് ബമ്പർ ലോട്ടറി അടിക്കുന്നത് പോലെയാണെന്നും വിനിയോഗത്തെക്കുറിച്ച് ചോദ്യം ചെയ്യുന്നവരെ പുറത്താക്കി തട്ടിപ്പുകാരെ സംരക്ഷിക്കുന്ന നിലപാടാണ് പാർട്ടി സ്വീകരിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
എസ്ഡിപിഐ പിന്തുണയെക്കുറിച്ചുള്ള മുഖ്യമന്ത്രിയുടെ പരാമർശങ്ങൾ പിണറായി വിജയന്റെ അവസരവാദ രാഷ്ട്രീയത്തിന് തെളിവാണെന്ന് സതീശൻ പറഞ്ഞു. എങ്ങനെയെങ്കിലും ജയിക്കാൻ വേണ്ടി ന്യൂനപക്ഷ-ഭൂരിപക്ഷ വർഗീയതകളുമായി മുഖ്യമന്ത്രി ഒത്തുതീർപ്പ് നടത്തുകയാണ്. ആർഎസ്എസുമായും പിഡിപിയുമായും എസ്ഡിപിഐയുമായും ഒരേപോലെ കൂടാൻ മുഖ്യമന്ത്രിക്ക് മടിയില്ലെന്നും അദ്ദേഹം പരിഹസിച്ചു.
സ്ഡിപിഐയുമായി സഖ്യമുണ്ടാക്കുമ്പോൾ, ആ പാർട്ടിയുടെ നേതാക്കൾ അഭിമന്യുവിന്റെ വീട്ടിൽ പോയി മാതാപിതാക്കളുടെ കാലുപിടിച്ച് മാപ്പ് ചോദിക്കണം. സ്വന്തം പത്രം തന്നെ കൊലയാളികളെന്ന് വിളിച്ചവരുമായാണ് ഇപ്പോൾ സിപിഎം കൂട്ടുചേരുന്നത്.പയ്യന്നൂരിലും തിരുവനന്തപുരത്ത് വിഷ്ണുവിനും അഭിമന്യുവിനും വേണ്ടി പിരിച്ച ഫണ്ടുകൾ എവിടെപ്പോയെന്ന് സിപിഎം വ്യക്തമാക്കണം. രക്തസാക്ഷി ഫണ്ട് വരെ മുക്കുന്ന പാർട്ടിയായി സിപിഎം മാറി.വയനാട് ദുരന്തവുമായി ബന്ധപ്പെട്ട കണക്കുകൾ യുഡിഎഫ് കൃത്യമായി ജനങ്ങൾക്ക് മുന്നിൽ വെക്കും. സ്വന്തം കണ്ണിലെ കോലെടുത്തിട്ട് മതി മറ്റുള്ളവരുടെ കണ്ണിലെ കരട് തിരയുന്നതെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു.
രക്തസാക്ഷികളോട് പോലും നീതി കാണിക്കാത്ത പാർട്ടി വയനാട്ടിലെ കണക്ക് ചോദിച്ചു വരേണ്ടതില്ലെന്നും വി.ഡി. സതീശൻ കൂട്ടിച്ചേർത്തു.
Story Summary:
Opposition Leader V.D. Satheesan slammed the CPM, alleging that the party treats its martyrs as “bumper lotteries” to collect funds. He accused the party of protecting those who swindle martyr funds while ousting those who question it. Satheesan also criticized Chief Minister Pinarayi Vijayan’s “opportunistic” ties with communal outfits like SDPI and RSS for electoral gains.

