തിരുവനന്തപുരം: കേരള നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി മാർച്ച് 29, ഏപ്രിൽ 4 തീയതികളിൽ കേരളം സന്ദർശിക്കും. പാലക്കാട്, തൃശൂർ, പാലാ, തിരുവനന്തപുരം എന്നിവിടങ്ങളിലെ വിവിധ പരിപാടികളിലാണ് അദ്ദേഹം പങ്കെടുക്കുക.(PM Modi to visit Kerala on March 29 and April 4, roadshow in Thrissur )
മാർച്ച് 29ന് ഉച്ചയ്ക്ക് 2.30-ന് കോയമ്പത്തൂരിൽ നിന്ന് ഹെലികോപ്റ്റർ മാർഗ്ഗം പാലക്കാട്ടെത്തും. 2.45-ന് പാലക്കാട് കോട്ടമൈതാനത്ത് നടക്കുന്ന പൊതുസമ്മേളനത്തിൽ സംസാരിക്കും. നിലവിൽ കോട്ടമൈതാനത്തിന്റെ നിയന്ത്രണം എസ്പിജി ഏറ്റെടുത്തിട്ടുണ്ട്. വൈകിട്ട് 4.10-ന് തൃശൂരിലെത്തുന്ന അദ്ദേഹം നഗരത്തിൽ റോഡ് ഷോ നടത്തും.
ഏപ്രിൽ 4ന് രണ്ടാം ഘട്ട സന്ദർശനത്തിൽ പാലായിലും തിരുവനന്തപുരത്തും പ്രധാനമന്ത്രിയെത്തും. പാലാ, പൂഞ്ഞാർ, കാഞ്ഞിരപ്പള്ളി, വൈക്കം മണ്ഡലങ്ങളുടെ സംയുക്ത റാലി പാലായിൽ നടക്കും. അന്ന് തന്നെ തിരുവനന്തപുരം നഗരത്തിൽ വിപുലമായ റോഡ് ഷോയിലും അദ്ദേഹം പങ്കെടുക്കും. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ മാർച്ച് 31-ന് തിരുവനന്തപുരം ജില്ലയിലെ വിവിധ പരിപാടികളിൽ പങ്കെടുക്കും. ഏപ്രിൽ ആദ്യവാരം ഹരിപ്പാട്, തൃപ്പൂണിത്തുറ, തലശ്ശേരി, കോഴിക്കോട് എന്നിവിടങ്ങളിലും അദ്ദേഹം പ്രചാരണത്തിനെത്തും.
കൂടാതെ, ബിജെപി ദേശീയ അധ്യക്ഷൻ നിതിൻ നബീൻ, കേന്ദ്രമന്ത്രിമാരായ നിതിൻ ഗഡ്കരി, രാജ്നാഥ് സിങ്, എസ്. ജയശങ്കർ, ഡൽഹി മുഖ്യമന്ത്രി രേഖ ഗുപ്ത, മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് തുടങ്ങിയവരും വരും ദിവസങ്ങളിൽ കേരളത്തിലെത്തും.

