ഇന്ത്യയിലെ ഏറ്റവും ജനപ്രിയമായ തെരുവ് ഭക്ഷണങ്ങളിലൊന്നായ പാനിപുരി വിറ്റ് മാസം 90,000 രൂപ വരെ സമ്പാദിക്കാമെന്ന് വെളിപ്പെടുത്തുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു (Pani Puri Seller Income). കണ്ടന്റ് ക്രിയേറ്ററായ കാസി പെരേര പങ്കുവെച്ച വീഡിയോയിലാണ് ഒരു സാധാരണ പാനിപുരി സ്റ്റാളിന്റെ പ്രവർത്തനവും വരുമാനവും വിശദീകരിക്കുന്നത്. പ്രതിദിനം 80 മുതൽ 100 പ്ലേറ്റ് പാനിപുരി വരെ ഇവിടെ വിൽക്കപ്പെടുന്നുണ്ട്. ഒരു പ്ലേറ്റിന് 30 രൂപ നിരക്കിൽ കണക്കാക്കിയാൽ ദിവസവും 3,000 രൂപയോളം വരുമാനം ലഭിക്കുമെന്നാണ് വീഡിയോ അവകാശപ്പെടുന്നത്.
വൈകുന്നേരം 4 മണി മുതൽ രാത്രി 10 മണി വരെയാണ് ഈ സ്റ്റാൾ പ്രവർത്തിക്കുന്നത്. ഈ കണക്കനുസരിച്ച് പ്രതിമാസം 90,000 രൂപയും വർഷം 10.8 ലക്ഷം രൂപയും വരുമാനമായി ലഭിക്കും. ഇത് പല ഐടി ജീവനക്കാരുടെയും ശമ്പളത്തേക്കാൾ കൂടുതലാണെന്ന കണ്ടെത്തലാണ് ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചത്. വീഡിയോയിൽ കാസി പെരേര നേരിട്ട് പാനിപുരി ഉണ്ടാക്കാനും വിളമ്പാനും സഹായിക്കുന്നത് കാണാം.
വീഡിയോയ്ക്ക് ഒരു ദശലക്ഷത്തിലധികം കാഴ്ചക്കാരെ ലഭിച്ചെങ്കിലും വരുമാനക്കണക്കുകളെക്കുറിച്ച് സമ്മിശ്ര പ്രതികരണങ്ങളാണ് ഉയരുന്നത്. 90,000 രൂപ എന്നത് വെറും വിറ്റുവരവ് മാത്രമാണെന്നും ഇതിൽ നിന്ന് സാധനങ്ങൾ വാങ്ങാനുള്ള ചിലവും വാടകയും മാറ്റിയാൽ ലാഭം വളരെ കുറവായിരിക്കുമെന്നും ചിലർ ചൂണ്ടിക്കാട്ടുന്നു. കഠിനാധ്വാനവും ഗുണനിലവാരവും ഉണ്ടെങ്കിൽ ഏതൊരു ഭക്ഷണശാലയും മികച്ച ലാഭം നൽകുമെന്ന് മറ്റ് ചിലർ അഭിപ്രായപ്പെടുന്നു. തെരുവ് ഭക്ഷണ കച്ചവടക്കാർ നേരിടുന്ന വെല്ലുവിളികളും ശുചിത്വ മാനദണ്ഡങ്ങളും ഈ ചർച്ചകളിൽ വിഷയമാകുന്നുണ്ട്.
View this post on Instagram

