ആലപ്പുഴ: യു. പ്രതിഭ എംഎൽഎക്കെതിരെ സ്ത്രീവിരുദ്ധ പരാമർശം നടത്തിയ ഇർഷാദ് ചക്കാലശ്ശേരിയുടെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തി. സ്ത്രീത്വത്തെ അപമാനിക്കൽ, ഐടി നിയമപ്രകാരം നവമാധ്യമങ്ങൾ വഴി അശ്ലീല ഉള്ളടക്കം പ്രചരിപ്പിക്കൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് കായംകുളം പോലീസ് നടപടിയെടുത്തത്. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം പ്രതിയെ ജാമ്യത്തിൽ വിട്ടയച്ചു.(Abusive remarks against U Prathibha, Irshad Chakkalassery’s arrest recorded, released on bail)
യു. പ്രതിഭ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് കേസെടുത്തത്. സൈബർ ഇടങ്ങളിൽ താൻ നേരിടുന്ന വ്യക്തിഹത്യക്കെതിരെ ശക്തമായ മുന്നറിയിപ്പാണ് ഈ നിയമനടപടിയെന്ന് എംഎൽഎ വ്യക്തമാക്കി. പരാമർശം വിവാദമായതോടെ ഇർഷാദിനെ യുഡിഎഫ് നിയോജക മണ്ഡലം ചെയർമാൻ സ്ഥാനത്തുനിന്ന് നീക്കി. മുസ്ലിം ലീഗ് സംസ്ഥാന കമ്മിറ്റി ഇയാളെ പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് അന്വേഷണവിധേയമായി സസ്‌പെൻഡ് ചെയ്തു.
കായംകുളം യുഡിഎഫ് ചെയർമാനായി മുസ്ലിം ലീഗ് ജില്ലാ ജനറൽ സെക്രട്ടറി എച്ച്. ബഷീർ കുട്ടിയെ ചുമതലപ്പെടുത്തി. സ്ത്രീകൾക്കെതിരായ അധിക്ഷേപങ്ങൾ ഭൂഷണമല്ലെന്ന സന്ദേശം പൊതുസമൂഹത്തിന് നൽകാനാണ് പരാതി നൽകിയത് എന്ന് യു. പ്രതിഭ പ്രതികരിച്ചു. മണ്ഡലത്തിലെ വികസന പ്രവർത്തനങ്ങളെ വിമർശിക്കുന്നതിനിടെയായിരുന്നു ഇർഷാദിന്റെ വിവാദ പരാമർശം. സംഭവം വലിയ പ്രതിഷേധത്തിന് ഇടയാക്കിയതോടെ, തന്റെ വാക്കുകൾ തെറ്റായി വ്യാഖ്യാനിച്ചതാണെന്നും ആർക്കെങ്കിലും വിഷമമുണ്ടായെങ്കിൽ ക്ഷമ ചോദിക്കുന്നുവെന്നും ഇർഷാദ് വ്യക്തമാക്കിയിരുന്നു.

