ന്യൂഡൽഹി: ട്രെയിനുകളിൽ വിതരണം ചെയ്യുന്ന ഭക്ഷണത്തിന്റെ ഗുണനിലവാരത്തിൽ വിട്ടുവീഴ്ചയില്ലെന്ന് വ്യക്തമാക്കി ഇന്ത്യൻ റെയിൽവേ. മോശം ഭക്ഷണം വിതരണം ചെയ്തെന്ന പരാതിയിൽ ഐ ആർ സി ടി സിക്ക് 10 ലക്ഷം രൂപ പിഴ ചുമത്തി.(IRCTC fined Rs 10 lakh for bad food served in Vande Bharat)
പട്ന-ടാറ്റാനഗർ വന്ദേ ഭാരത് എക്സ്പ്രസിൽ വിതരണം ചെയ്ത ഭക്ഷണത്തെക്കുറിച്ച് യാത്രക്കാർ നൽകിയ പരാതിയിലാണ് റെയിൽവേയുടെ ഈ നടപടി. ഐആർസിടിസിക്ക് പുറമെ, ഭക്ഷണ വിതരണത്തിന് കരാറെടുത്ത സ്വകാര്യ ഏജൻസിക്കെതിരെയും കടുത്ത നടപടിയെടുത്തു. 50 ലക്ഷം രൂപ പിഴയും കമ്പനിയുടെ കരാർ റദ്ദാക്കാനും റെയിൽവേ ഉത്തരവിട്ടു.
യാത്രക്കാരുടെ സുരക്ഷയ്ക്കും ഭക്ഷണത്തിന്റെ ഗുണനിലവാരത്തിനുമാണ് റെയിൽവേ പ്രഥമ പരിഗണന നൽകുന്നതെന്ന് റെയിൽവേ വക്താവ് വ്യക്തമാക്കി. പ്രതിവർഷം ഏകദേശം 58 കോടി പേർക്ക് റെയിൽവേ ഭക്ഷണം വിളമ്പുന്നുണ്ടെന്നും ലഭിക്കുന്ന പരാതികൾ വളരെ കുറവാണെന്നും മന്ത്രാലയം അവകാശപ്പെട്ടു. എങ്കിലും ഓരോ പരാതിയിലും കൃത്യമായ അന്വേഷണവും നടപടിയും ഉണ്ടാകുമെന്ന് അധികൃതർ ഉറപ്പുനൽകുന്നു.

