മഴ പെയ്യുന്നത് നമ്മൾ കണ്ടിട്ടുണ്ട്, മഞ്ഞുപെയ്ത്തും കണ്ടിട്ടുണ്ട്. എന്നാൽ ആകാശത്തുനിന്ന് പെട്ടെന്ന് മാംസക്കഷ്ണങ്ങൾ മഴപോലെ താഴേക്ക് പതിച്ചാലോ? കേൾക്കുമ്പോൾ അല്പം അറപ്പും അതിലേറെ അത്ഭുതവും തോന്നാം. 1876-ൽ അമേരിക്കയിലെ കെന്റക്കിയിൽ നടന്ന ഈ വിചിത്ര സംഭവം ആരെയും ഒന്നും ചിരിപ്പിക്കും (Kentucky Meat Shower)
1876 മാർച്ച് 3. അമേരിക്കയിലെ കെന്റക്കിയിലുള്ള ബാത്ത് കൗണ്ടി, നല്ല തെളിഞ്ഞ ആകാശമായിരുന്നു അന്ന് . മിസിസ് ക്രൗച്ച് എന്ന സ്ത്രീ തന്റെ വീടിന്റെ മുറ്റത്ത് സോപ്പ് നിർമ്മിച്ചുകൊണ്ടിരിക്കുകയായിരുന്നു. പെട്ടെന്നാണ് ആകാശത്ത് നിന്ന് എന്തൊക്കെയോ താഴേക്ക് വീഴാൻ തുടങ്ങിയത്. എന്താണ് എന്ന് അറിയാൻ വേണ്ടി നോക്കിയപ്പോൾ കണ്ടത് നല്ല പച്ച മാംസക്കഷ്ണങ്ങൾ!
ഏകദേശം പത്ത് മിനിറ്റോളം ഈ വിചിത്രമായ മഴ തുടർന്നു. വീടിന്റെ മുറ്റത്തും വേലിയിലുമെല്ലാം മാംസക്കഷ്ണങ്ങൾ ചിതറിക്കിടന്നു. ആകാശത്ത് മേഘങ്ങളോ കാറ്റോ ഒന്നും ഉണ്ടായിരുന്നില്ല. ഏകദേശം രണ്ട് മുതൽ നാല് ഇഞ്ച് വരെ വലിപ്പമുള്ള കഷ്ണങ്ങളാണ് ആകാശത്തുനിന്ന് പതിച്ചത്. നാട്ടുകാർ ഓടിക്കൂടി. ചിലർ ഇത് ദൈവത്തിന്റെ അടയാളമാണെന്ന് കരുതി, മറ്റുചിലർ ഇതൊരു ദുശ്ശകുനമാണെന്നും. എന്നാൽ ഇതിനേക്കാൾ വിചിത്രമായ കാര്യം നടന്നത് അടുത്തതാണ്.
ഒരുപക്ഷെ ഇന്നത്തെ കാലത്താണെങ്കിൽ ഈ സംഭവങ്ങളൊക്കെയും നമ്മൾ ഉടനെ ഫോട്ടോ എടുത്ത് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യും. എന്നാൽ അന്ന് രണ്ട് നാട്ടുകാർ ചെയ്തത് മറ്റൊന്നാണ്. ആകാശത്തുനിന്ന് വീണ ഈ മാംസം എന്താണെന്ന് അറിയാൻ അവർ അത് രുചിച്ചു നോക്കി. അവരുടെ അഭിപ്രായത്തിൽ അത് മാനിന്റെയോ അല്ലെങ്കിൽ കരടിയുടെയോ ഇറച്ചി പോലെ തോന്നിയിരുന്നു. ഭാഗ്യത്തിന് അവർക്ക് പിന്നീട് ആരോഗ്യപ്രശ്നങ്ങളൊന്നും തന്നെ ഉണ്ടായില്ല.
മാംസ മഴയുടെ വാർത്ത പരന്നതോടെ ശാസ്ത്രജ്ഞർ സ്ഥലത്തെത്തി മാംസക്കഷ്ണങ്ങൾ പരിശോധനയ്ക്കായി കൊണ്ടുപോയി. പല പരീക്ഷണങ്ങൾക്കും നിരീക്ഷണങ്ങൾക്കും ശേഷം അവർ ഒരു നിഗമനത്തിലെത്തി. ആ നിഗമനം കേട്ടാൽ ആരും ഒന്ന് അമ്പരന്നുപോകും. ആകാശത്തുനിന്ന് പെയ്തത് മഴയായിരുന്നില്ല, മറിച്ച് ഒരു കൂട്ടം കഴുകന്മാരുടെ ‘ഛർദ്ദി’ ആയിരുന്നു.
അന്ന് ആ പ്രദേശത്തിന് മുകളിലൂടെ ഒരു വലിയ കൂട്ടം കഴുകന്മാർ പറന്നുപോയിരുന്നു. കഴുകന്മാർക്ക് ഒരു പ്രത്യേക സ്വഭാവമുണ്ട്. അമിതമായി ഭക്ഷണം കഴിച്ച ശേഷം പെട്ടെന്ന് പറന്നുയരേണ്ടി വരുമ്പോഴോ അല്ലെങ്കിൽ ആകാശത്ത് വെച്ച് പേടിപ്പെടുത്തുന്ന എന്തെങ്കിലും സാഹചര്യമുണ്ടായാലോ, ശരീരഭാരം കുറയ്ക്കാൻ വേണ്ടി അവർ കഴിച്ച ആഹാരം പുറത്തേക്ക് ഛർദ്ദിക്കും. ഒരേസമയം നൂറുകണക്കിന് കഴുകന്മാർ ഇത്തരത്തിൽ പ്രവർത്തിച്ചപ്പോൾ താഴെ നിന്നവർക്ക് അത് ആകാശത്തുനിന്ന് ഇറച്ചിമഴ പെയ്യുന്നതായി അനുഭവപ്പെട്ടതാണ്. കഴുകന്മാർ ചത്ത മൃഗങ്ങളുടെ ഇറച്ചി മാത്രമാണ് കഴിക്കുന്നത് എന്നതുകൊണ്ടാണ് അത് രുചിച്ചു നോക്കിയവർക്ക് വന്യമൃഗങ്ങളുടെ ഇറച്ചിയാണെന്ന് തോന്നിയത്.
ഈ വിശദീകരണം ശാസ്ത്രീയമായി അംഗീകരിക്കപ്പെട്ടതാണെങ്കിലും, എല്ലാവരും ഇത് പൂർണ്ണമായും വിശ്വസിച്ചിട്ടില്ല. ഇന്നും കെന്റക്കിയിലെ ആ ‘മാംസ മഴ’ ലോകത്തിലെ ഏറ്റവും വിചിത്രമായ പ്രതിഭാസങ്ങളിൽ ഒന്നായി അറിയപ്പെടുന്നു. പ്രകൃതിക്ക് നമ്മെ അത്ഭുതപ്പെടുത്താൻ പല വഴികളുണ്ട്. ചിലപ്പോൾ അത് മനോഹരമായ മഴവില്ലാവാം, മറ്റു ചിലപ്പോൾ കഴുകന്മാരുടെ ഛർദ്ദിയുമാകാം.
Summary: The Kentucky Meat Shower occurred in 1876 when chunks of red meat fell from a clear sky over Bath County, USA. Local residents even tasted the meat, identifying it as venison or bear. Scientists later concluded that a flock of vultures had regurgitated their meals simultaneously while flying overhead, creating a bizarre “meat rain.”

