പാലക്കാട്: പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെ ‘കേരള രാഷ്ട്രീയത്തിലെ നിലപാടുകളുടെ രാജകുമാരൻ’ എന്ന് വിശേഷിപ്പിച്ച് ഒറ്റപ്പാലത്തെ യുഡിഎഫ് സ്ഥാനാർത്ഥി പി.കെ. ശശി. രാഷ്ട്രീയമായി രണ്ട് ചേരിയിലായിരുന്നപ്പോഴും സതീശനോട് തനിക്ക് വലിയ മതിപ്പും ഇഷ്ടവും തോന്നിയിരുന്നതായി ശശി പറഞ്ഞു. ( PK Sasi praises VD Satheesan, opposition leader says PK Sasi will be there to lead )
നിയമസഭയിൽ അദ്ദേഹം പ്രശ്നങ്ങൾ ഉന്നയിക്കുന്ന ശൈലിയെയും വാക്കുകളെയും താൻ ശ്രദ്ധയോടെ വീക്ഷിക്കുമായിരുന്നുവെന്നും, തന്റെ കൺവെൻഷൻ ഉദ്ഘാടനം ചെയ്യാൻ സതീശൻ വരണമെന്നത് തന്റെ വലിയ ആഗ്രഹമായിരുന്നുവെന്നും പി.കെ. ശശി വ്യക്തമാക്കി. പി.കെ. ശശിയുടെ വിജയം കോൺഗ്രസിന്റെ അഭിമാനപ്രശ്നമാണെന്ന് ഉദ്ഘാടന പ്രസംഗത്തിൽ വി.ഡി. സതീശൻ പ്രതികരിച്ചു.
യുഡിഎഫ് നൂറിലധികം സീറ്റുകൾ നേടി അധികാരത്തിൽ വരുമ്പോൾ മുന്നിൽ നിന്ന് നയിക്കാൻ ഒറ്റപ്പാലത്തുനിന്ന് പി.കെ. ശശിയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. പി.കെ. ശശിയുടെ ചിഹ്നം ‘തെങ്ങിൻ തോപ്പ്’ ആണെങ്കിലും വോട്ടർമാർ അത് മനസ്സിൽ ‘കൈപ്പത്തി’യായി കണ്ട് വോട്ട് ചെയ്യണമെന്ന് സതീശൻ അഭ്യർത്ഥിച്ചു. ഉമ്മൻചാണ്ടി സർക്കാർ അഞ്ച് വർഷം കൊണ്ട് അഞ്ച് ലക്ഷം വീടുകൾ നിർമ്മിച്ചപ്പോൾ, പത്ത് വർഷം കൊണ്ട് അഞ്ച് ലക്ഷം വീടുകൾ പൂർത്തിയാക്കിയെന്ന എൽഡിഎഫ് വാദം വെറും അവകാശവാദം മാത്രമാണ്. ഇത് തെളിയിക്കാൻ 2011-16 കാലയളവിലെ കണക്കുകൾ പുറത്തുവിടാൻ അദ്ദേഹം വെല്ലുവിളിച്ചു.
തൃപ്പൂണിത്തുറയിലും പത്തനംതിട്ടയിലും സിപിഎമ്മും ബിജെപിയും പരസ്പരം സഹായിക്കുകയാണ്. ഈ അവിശുദ്ധ കൂട്ടുകെട്ട് യുഡിഎഫ് പൊളിക്കുമെന്നും അദ്ദേഹം പറഞ്ഞു. രാഷ്ട്രീയ എതിരാളികളെ അധിക്ഷേപിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ ശൈലിയെ സതീശൻ രൂക്ഷമായി പരിഹസിച്ചു. ടി.പി. ചന്ദ്രശേഖരൻ മുതൽ ജി. സുധാകരൻ വരെയുള്ളവർക്കെതിരെ മുഖ്യമന്ത്രി നടത്തിയ പരാമർശങ്ങൾ ഇതിന് ഉദാഹരണമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

