ബംഗളൂരു: സ്വന്തം സന്തോഷത്തിനും മാനസികാരോഗ്യത്തിനുമായി യുവതലമുറ (Gen Z) നടത്തുന്ന ചിലവുകളെക്കുറിച്ചുള്ള വെളിപ്പെടുത്തലുമായി 22-കാരിയായ ശ്രദ്ധ സൈനി (Gen Z Spending Habits). ബംഗളൂരുവിൽ ഒറ്റയ്ക്ക് താമസിക്കുന്ന ശ്രദ്ധ, തന്റെ പ്രതിമാസ ചെലവുകളുടെ പട്ടിക ഇൻസ്റ്റാഗ്രാമിലൂടെ പങ്കുവെച്ചതോടെയാണ് സോഷ്യൽ മീഡിയയിൽ പുതിയൊരു ചർച്ചയ്ക്ക് തുടക്കമായത്. മുൻതലമുറകളിൽ നിന്ന് വ്യത്യസ്തമായി, സ്വയം പരിപാലിക്കുന്നതിനും (Self-care) മാനസിക ഉല്ലാസത്തിനുമായി വലിയൊരു തുക ഇവർ മാറ്റിവെക്കുന്നുണ്ട്.
പ്രതിമാസം പൂക്കൾ വാങ്ങാനായി മാത്രം ശ്രദ്ധ 2,000 രൂപ ചിലവാക്കുന്നു. മാനസികാരോഗ്യം ഏറ്റവും പ്രധാനമാണെന്ന് കരുതുന്ന ഇവർ തെറാപ്പിക്കായി മാസം തോറും 10,000 രൂപയോളം ചിലവിടുന്നുണ്ട്. ഇതിനുപുറമെ ഞായറാഴ്ചകളിലെ ബ്രഞ്ച്, മസാജ്, പെഡിക്യൂർ, നെയിൽ അപ്പോയിന്റ്‌മെന്റ് തുടങ്ങിയവയ്ക്കായി ഏകദേശം 10,000 രൂപ കൂടി കണ്ടെത്തുന്നു. തന്റെ മൂഡ് മെച്ചപ്പെടുത്തുന്ന ‘ഏസ്‌തെറ്റിക്’ സാധനങ്ങൾക്കായും ഗൈഡഡ് ജേണലുകൾ തുടങ്ങിയവയ്ക്കുമായി മറ്റൊരു 3,000 രൂപയും ഇവർ ചിലവഴിക്കുന്നുണ്ട്.
പഴയ തലമുറയിൽ (Millennials) ഇത്തരത്തിൽ സ്വന്തം ആവശ്യങ്ങൾക്കായി പണം ചിലവാക്കുന്നത് അത്ര സാധാരണമായിരുന്നില്ലെന്ന് ശ്രദ്ധ വീഡിയോയിൽ പറയുന്നു. ഈ വെളിപ്പെടുത്തലിന് താഴെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേർ രംഗത്തെത്തി. സ്വന്തം സന്തോഷത്തിനായി പണം ചിലവാക്കുന്നത് നല്ല കാര്യമാണെന്ന് ഒരു വിഭാഗം വാദിക്കുമ്പോൾ, അനാവശ്യ ചിലവുകൾ കുറച്ച് പണം ലാഭിക്കാമെന്ന് മറ്റു ചിലർ ചൂണ്ടിക്കാട്ടുന്നു. ഉദാഹരണത്തിന്, 2,000 രൂപയ്ക്ക് പകരം പുലർച്ചെ കെ.ആർ മാർക്കറ്റിൽ പോയാൽ വെറും 200 രൂപയ്ക്ക് പൂക്കൾ വാങ്ങാമെന്ന് ഒരു ഉപയോക്താവ് കുറിച്ചു.
View this post on Instagram

