കോഴിക്കോട്: ബേപ്പൂർ നിയമസഭാ മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർത്ഥിയായി പി.വി. അൻവർ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു. മണ്ഡലത്തിൽ സമഗ്രമായ വികസനം ആവശ്യമാണെന്നും നിലവിലെ ഭരണസമിതി ജനങ്ങളുടെ അടിസ്ഥാന ആവശ്യങ്ങൾ പോലും നിറവേറ്റുന്നില്ലെന്നും പത്രികാ സമർപ്പണത്തിന് ശേഷം അദ്ദേഹം പറഞ്ഞു.(Reels will be replaced by reality, PV Anvar files nomination in Beypore)
ബേപ്പൂരിൽ റീൽസ് രാഷ്ട്രീയമല്ല, മറിച്ച് യാഥാർത്ഥ്യബോധമുള്ള വികസനമാണ് ആവശ്യമെന്ന് അദ്ദേഹം വ്യക്തമാക്കി. റീൽസ് മാറി റിയാലിറ്റി വരും. എല്ലാ ‘ഇസങ്ങൾക്കും’ എതിരെയുള്ള പോരാട്ടമാണിത്. ബേപ്പൂരിൽ എല്ലാ ഇസങ്ങളും അവസാനിക്കും, അൻവർ പ്രഖ്യാപിച്ചു.
മണ്ഡലത്തിലെ കുടിവെള്ളക്ഷാമവും ആരോഗ്യ-വിദ്യാഭ്യാസ മേഖലകളിലെ പോരായ്മകളും അദ്ദേഹം ചൂണ്ടിക്കാട്ടി. ആഴ്ചയിൽ രണ്ട് ദിവസം മാത്രമാണ് മണ്ഡലത്തിൽ കുടിവെള്ളം ലഭിക്കുന്നത്. ഒരു കിണർ കുഴിച്ച് മോട്ടോർ വെച്ചാൽ തീരാവുന്ന പ്രശ്നമായിട്ടും സർക്കാർ അതിന് മുതിരുന്നില്ലെന്ന് അദ്ദേഹം ആരോപിച്ചു.
ഗവൺമെന്റ് കോളേജും മികച്ച ചികിത്സാ സൗകര്യങ്ങളും ഇല്ലാത്ത മണ്ഡലമായി ബേപ്പൂർ മാറിയെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. മണ്ഡലത്തിലെ ഇടതുപക്ഷ പ്രവർത്തകർ പോലും മാറ്റം ആഗ്രഹിക്കുന്നുണ്ടെന്ന് അൻവർ അവകാശപ്പെട്ടു. “സഖാവേ മാറ്റം വേണം കേട്ടോ എന്ന് സഖാക്കൾ തന്നെ പറയുന്നുണ്ട്, അദ്ദേഹം പറഞ്ഞു. ബേപ്പൂരിൽ യുഡിഎഫ് വൻ ഭൂരിപക്ഷത്തിൽ വിജയിക്കുമെന്നും അൻവർ ആത്മവിശ്വാസം പ്രകടിപ്പിച്ചു.

