പാലക്കാട്: നിയമസഭാ തിരഞ്ഞെടുപ്പിൽ പാലക്കാട് മണ്ഡലത്തിൽ മാറ്റുരയ്ക്കുന്ന മൂന്ന് പ്രധാന മുന്നണി സ്ഥാനാർത്ഥികളും കോടീശ്വരന്മാരെന്ന് സ്വത്ത് വിവരം. യു.ഡി.എഫ് സ്ഥാനാർത്ഥി രമേഷ് പിഷാരടിയാണ് ആസ്തിയിൽ മുന്നിൽ. അതേസമയം, രാഷ്ട്രീയ സമരങ്ങളുമായി ബന്ധപ്പെട്ട കേസുകളുടെ എണ്ണത്തിൽ എൻ.ഡി.എ സ്ഥാനാർത്ഥി ശോഭാ സുരേന്ദ്രനാണ് ഒന്നാമത്.(Assembly elections, Fight between ‘millionaires’ in Palakkad )
യു.ഡി.എഫ് സ്ഥാനാർത്ഥിയായ രമേഷ് പിഷാരടിക്ക് ആകെ 3.66 കോടി രൂപയുടെ ആസ്തിയാണുള്ളത്. കൈവശമുള്ളത് 25 ലക്ഷം രൂപയും അഞ്ച് പവൻ സ്വർണ്ണവും. 97 ലക്ഷം രൂപ വിലമതിക്കുന്ന പാർപ്പിട ഭൂമി സ്വന്തമായുണ്ട്. ഭാര്യ സൗമ്യ രമേഷിന് 85.61 ലക്ഷം രൂപയുടെ സ്വത്തും 50 പവൻ സ്വർണ്ണവുമുണ്ട്. അദ്ദേഹത്തിനെതിരെ പോലീസ് കേസുകളൊന്നുമില്ല.
എൽ.ഡി.എഫ് സ്ഥാനാർത്ഥി എൻ.എം.ആർ. റസാഖിന് 2.60 കോടി രൂപയുടെ ആസ്തിയുണ്ട്. കൈവശം രണ്ട് ലക്ഷം രൂപയും ബാങ്കുകളിൽ 1.38 ലക്ഷം രൂപയുടെ നിക്ഷേപവുമുണ്ട്. ആസ്തിയിലേറെയും ബിസിനസ്സിൽ നിന്നുള്ള വരുമാനമാണ്. ഭാര്യയ്ക്ക് 48 പവനും മകൾക്ക് 10 പവനും സ്വർണ്ണാഭരണങ്ങളുണ്ട്. 28.65 ലക്ഷം രൂപയുടെ ബാധ്യതയുണ്ട്. ക്രിമിനൽ കേസുകളൊന്നും നിലവിലില്ല.
എൻ.ഡി.എ സ്ഥാനാർത്ഥി ശോഭാ സുരേന്ദ്രന്റെ ആകെ ആസ്തി 1.95 കോടി രൂപയാണ്. ഒരു ഇന്നോവ ക്രിസ്റ്റ കാർ സ്വന്തമായുണ്ട്. എട്ട് പവൻ സ്വർണ്ണാഭരണങ്ങളും കൈവശം 23,000 രൂപയുമുണ്ട്. ഭർത്താവിന്റെ പക്കൽ രണ്ടര പവൻ സ്വർണ്ണമുണ്ട്. രാഷ്ട്രീയ സമരങ്ങളിൽ പങ്കെടുത്തതുമായി ബന്ധപ്പെട്ട് നിരവധി കേസുകൾ ശോഭാ സുരേന്ദ്രന്റെ പേരിലുണ്ട്.

