കൊച്ചി: എം.ടി. വാസുദേവൻ നായർ രചനയും സംവിധാനവും നിർവ്വഹിച്ച ‘നിർമ്മാല്യം’ സിനിമയുടെ ക്ലൈമാക്സിൽ വെളിച്ചപ്പാട് വിഗ്രഹത്തിന് നേരെ തുപ്പുന്ന വികാരാധീനമായ രംഗം (Nirmalyam Movie Climax), സുരാസുവിന്റെ ‘വിശ്വരൂപം’ എന്ന നാടകത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടതാണെന്ന് പ്രമുഖ നാടകകൃത്ത് ടി.എം. എബ്രഹാം വെളിപ്പെടുത്തി. ചാവറ കൾച്ചറൽ സെന്ററിൽ നടന്ന കൊച്ചി തിയേറ്റർ ഫെസ്റ്റിവലിന്റെ ഉദ്ഘാടന ദിനത്തിൽ ‘നാടകവും സെൻസറിംഗും’ എന്ന വിഷയത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സുരാസു രചിച്ച ‘വിശ്വരൂപം’ എന്ന നാടകത്തിന്റെ അവസാന രംഗത്ത്, അദ്ദേഹം തന്നെ അവതരിപ്പിച്ച ബാലഗോപാൽ എന്ന കഥാപാത്രം കാണികളെ നോക്കി തുപ്പുന്നതോടെയാണ് നാടകം അവസാനിക്കുന്നത്.ഈ നാടകത്തിന്റെ ആദ്യ അവതരണം കണ്ട എം.ടി. വാസുദേവൻ നായർ, നാടകം കഴിഞ്ഞയുടൻ സുരാസുവിനെ കണ്ട് ഈ രംഗം തന്റെ വരാനിരിക്കുന്ന ‘നിർമ്മാല്യം’ സിനിമയിൽ ഉപയോഗിക്കാൻ അനുവാദം ചോദിക്കുകയായിരുന്നു. ഈ കടപ്പാടിന്റെ ഭാഗമായാണ് നിർമ്മാല്യത്തിൽ സുരാസുവിന് ഒരു പ്രധാന വേഷം നൽകിയതെന്നും എബ്രഹാം പറഞ്ഞു.
‘വിശ്വരൂപം’ സിനിമയാക്കാനുള്ള ചർച്ചകൾ അക്കാലത്ത് സജീവമായി നടന്നിരുന്നു. അത് യാഥാർത്ഥ്യമായിരുന്നെങ്കിൽ മലയാളത്തിലെ ഏറ്റവും മികച്ച ചലച്ചിത്രങ്ങളിൽ ഒന്നാകുമായിരുന്നു അതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
തുടരുന്ന പരിപാടികൾ: ഫെസ്റ്റിവലിന്റെ ഭാഗമായുള്ള പ്രഭാഷണ പരമ്പരയിൽ ഇന്ന് (മാർച്ച് 22) വൈകീട്ട് 4 മണിക്ക് ‘തിയേറ്റർ മേക്കിംഗ്’ എന്ന വിഷയത്തിൽ ഡോ. നീലം മാൻസിങ് ചൗധരി സംസാരിക്കും.
Story Summary:
Playwright T.M. Abraham revealed that the iconic climax scene of M.T. Vasudevan Nair’s masterpiece Nirmalyam, where the Oracle spits at the idol, was inspired by Surasu’s play Viswaroopam. Speaking at the Kochi Theatre Festival 2026, Abraham shared that MT, after witnessing the play’s premiere, personally sought Surasu’s permission to adapt the scene for his film. Surasu was also cast in a key role in Nirmalyam as a token of appreciation.

