ലോസ് ഏഞ്ചൽസ്: ഹോളിവുഡ് താരം ലിയോനാർഡോ ഡികാപ്രിയോയും കാമുകിയും മോഡലുമായ വിറ്റോറിയ സെറെറ്റിയും ആദ്യമായി ഓസ്കർ വേദിയിൽ ഒന്നിച്ച് എത്തി (Leonardo DiCaprio Vittoria Ceretti Oscars). ലോസ് ഏഞ്ചൽസിലെ ഡോൾബി തിയേറ്ററിൽ നടന്ന 98-ാമത് അക്കാദമി അവാർഡ് ചടങ്ങിലായിരുന്നു താരജോഡികളുടെ ഈ അപൂർവ്വ സാന്നിധ്യം. കഴിഞ്ഞ മൂന്ന് വർഷമായി ഇവർ പ്രണയത്തിലാണെങ്കിലും ഇതാദ്യമായാണ് ലോകത്തെ ഏറ്റവും വലിയ സിനിമാ വേദിയിൽ ഇരുവരും ഒന്നിച്ച് എത്തുന്നത്.
51-കാരനായ ഡികാപ്രിയോ റെഡ് കാർപെറ്റിൽ ഒറ്റയ്ക്കാണ് എത്തിയതെങ്കിലും തിയേറ്ററിനുള്ളിൽ വിറ്റോറിയയ്ക്കൊപ്പമാണ് ഇരുന്നത്. ‘വൺ ബാറ്റിൽ ആഫ്റ്റർ അനദർ’ എന്ന ചിത്രത്തിലെ പ്രകടനത്തിന് മികച്ച നടനുള്ള നാമനിർദ്ദേശം ഡികാപ്രിയോയ്ക്ക് ലഭിച്ചിരുന്നു. ചുവന്ന ഗൗണിൽ അതീവ സുന്ദരിയായാണ് 27-കാരിയായ വിറ്റോറിയ തന്റെ ആദ്യ ഓസ്കർ വേദിയിൽ എത്തിയത്. ഡികാപ്രിയോ കറുത്ത ടക്സീഡോയിൽ ഗോൾഡൻ ബീ ബ്രോച്ച് അണിഞ്ഞാണ് തിളങ്ങിയത്.
ഡികാപ്രിയോയ്ക്ക് മികച്ച നടനുള്ള അവാർഡ് ലഭിച്ചില്ലെങ്കിലും ചിത്രം 2026-ലെ ഓസ്കർ വേദിയിൽ വലിയ വിജയം നേടി. ആകെ 13 നാമനിർദ്ദേശങ്ങൾ ലഭിച്ച ചിത്രം മികച്ച ചിത്രം , മികച്ച സംവിധായകൻ (പോൾ തോമസ് ആൻഡേഴ്സൺ) ഉൾപ്പെടെ ആറ് പുരസ്കാരങ്ങൾ സ്വന്തമാക്കി. തോമസ് പിഞ്ചണിന്റെ ‘വൈൻലാൻഡ്’ എന്ന നോവലിനെ ആസ്പദമാക്കി നിർമ്മിച്ച ഈ രാഷ്ട്രീയ ചിത്രം 2026-ലെ സിനിമാ സീസണിലെ ഏറ്റവും വലിയ വിജയമായി മാറി.

