തൃശൂർ: പാലപ്പിള്ളി ചിമ്മിനി ഉൾക്കാട്ടിൽ ഫയർലൈൻ ജോലിക്കിടെ കാട്ടാനയുടെ ആക്രമണത്തിൽ ഫോറസ്റ്റ് വാച്ചർ കൊല്ലപ്പെട്ടു. എച്ചിപ്പാറ ഉന്നതിയിലെ മലയൻ വീട്ടിൽ കുമാർ (42) ആണ് മരിച്ചത്. ചിമ്മിനി – മംഗലം ഡാം അതിർത്തി പ്രദേശമായ ഒളകരകവയിൽ വെച്ചായിരുന്നു ദാരുണമായ സംഭവം നടന്നത്.(Wild elephant attack, Forest watcher loses life in Thrissur)
വേനൽക്കാലത്ത് കാട്ടുതീ പ്രതിരോധിക്കുന്നതിന്റെ ഭാഗമായുള്ള ഫയർലൈൻ നിർമ്മാണത്തിനായി പോയ ആറംഗ സംഘത്തിന് നേരെയാണ് പിടിയാനയുടെ ആക്രമണമുണ്ടായത്. കാട്ടിൽ ജോലി ചെയ്തുകൊണ്ടിരുന്ന സംഘത്തിന് മുന്നിലേക്ക് ആന പാഞ്ഞടുക്കുകയായിരുന്നു.
ആനയെ കണ്ട് ഭയന്നോടിയ സംഘം ചിതറി പലവഴിയായി രക്ഷപ്പെട്ടു. അരമണിക്കൂറിന് ശേഷം ആന ഉൾക്കാട്ടിലേക്ക് പിൻവാങ്ങിയതോടെ സംഘം തിരിച്ചെത്തി തിരച്ചിൽ നടത്തിയപ്പോഴാണ് കുമാറിനെ മാരകമായി പരിക്കേറ്റ നിലയിൽ കണ്ടെത്തിയത്. ആന കുമാറിനെ ചവിട്ടിവീഴ്ത്തുകയായിരുന്നു എന്നാണ് പ്രാഥമിക നിഗമനം. കൂടെയുണ്ടായിരുന്ന ബീറ്റ് ഫോറസ്റ്റ് ഓഫീസറും മറ്റ് ജീവനക്കാരും ചേർന്ന് കുമാറിനെ ഉടൻ തന്നെ കാടിന് പുറത്തെത്തിച്ചു. വേലൂപ്പാടത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

