കൊച്ചി: കേരളത്തിന്റെ വികസനത്തിനായി ഇത്തവണ എൻഡിഎയ്ക്ക് അവസരം നൽകണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. എൻഡിഎയുടെ നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്ക് ഔദ്യോഗിക തുടക്കം കുറിച്ചുകൊണ്ട് കൊച്ചിയിലെ കൺവെൻഷനിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘ജയ് കേരളം, ജയ് വികസിത കേരളം’ എന്ന മുദ്രാവാക്യത്തോടെ പ്രസംഗം ആരംഭിച്ച പ്രധാനമന്ത്രി, കേരളത്തിന്റെ വികസനത്തിനായി തന്റെ ഗ്യാരണ്ടി ഉറപ്പുനൽകി.(Modi’s guarantee for Kerala, PM Modi launches NDA campaign)
എൽഡിഎഫും യുഡിഎഫും വ്യത്യസ്തമല്ലെന്നും കേരളത്തിലെ യുവാക്കളെ വഞ്ചിച്ച അവിശുദ്ധ കൂട്ടുകെട്ടാണെന്നും മോദി ആരോപിച്ചു. ഈ മുന്നണികൾ മാറിമാറി ഭരിച്ചതാണ് കേരളത്തിന് കിട്ടേണ്ട വികസനം തടഞ്ഞത്. കേരളത്തെ എഐ സാങ്കേതികവിദ്യയുടെ കേന്ദ്രമാക്കി മാറ്റുമെന്നും നിക്ഷേപങ്ങൾ വർദ്ധിപ്പിക്കുമെന്നും അദ്ദേഹം വാഗ്ദാനം ചെയ്തു. കോൺഗ്രസിന് ഡ്രോൺ സാങ്കേതികവിദ്യയിലുണ്ടായ ഇന്ത്യയുടെ വളർച്ചയെക്കുറിച്ച് അറിവില്ലെന്നും അദ്ദേഹം പരിഹസിച്ചു.
മത്സ്യത്തൊഴിലാളികൾക്ക് കിസാൻ ക്രെഡിറ്റ് കാർഡും അഞ്ച് ലക്ഷം രൂപയുടെ ഇൻഷുറൻസ് പരിരക്ഷയും നൽകിയത് കേന്ദ്ര സർക്കാരാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. വിഴിഞ്ഞം തുറമുഖം ഈ മേഖലയിലെ വികസനത്തിന്റെ അടയാളമാണെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിലെ ഹർത്താൽ-അഴിമതി മാഫിയകളെ ബിജെപി തുടച്ചുനീക്കുമെന്ന് പ്രധാനമന്ത്രി പ്രഖ്യാപിച്ചു.
ഗൾഫ് മേഖലയിലെ നിലവിലെ സംഘർഷ സാഹചര്യത്തിൽ അവിടെയുള്ള ലക്ഷക്കണക്കിന് ഭാരതീയരുടെ സുരക്ഷ ഉറപ്പാക്കാൻ കേന്ദ്ര സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് മോദി പറഞ്ഞു. ഭാരതീയർ ആശങ്കയിലായിരിക്കുമ്പോൾ കോൺഗ്രസ് രാഷ്ട്രീയം കളിക്കുകയാണ്. മോദിയെ വിമർശിച്ച് ‘റീലുകൾ’ നിർമ്മിക്കാനാണ് അവർക്ക് താല്പര്യം. യുദ്ധസമയത്ത് പോലും ഇടതുപക്ഷവും കോൺഗ്രസും അപവാദ പ്രചാരണം നടത്തുകയാണെന്നും അദ്ദേഹം പറഞ്ഞു. ഫാദർ ടോം ഉഴുന്നാലിന്റെ മോചനത്തിനായി കേന്ദ്ര സർക്കാർ നടത്തിയ ഇടപെടലുകളും അദ്ദേഹം പ്രസംഗത്തിൽ ഓർമ്മിപ്പിച്ചു.
ബ്രിട്ടീഷുകാർ നൽകിയ ‘കേരള’ എന്ന പേര് മാറ്റി ‘കേരളം’ എന്നാക്കിയ പ്രധാനമന്ത്രിക്ക് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ ചടങ്ങിൽ നന്ദി അറിയിച്ചു. കേരളത്തിന്റെ സ്വപ്നങ്ങൾക്കും പാരമ്പര്യത്തിനുമുള്ള അംഗീകാരമാണ് ഈ മാറ്റമെന്ന് പ്രധാനമന്ത്രിയും വ്യക്തമാക്കി. തൃശൂരിലും തിരുവനന്തപുരത്തും എൻഡിഎയെ ജനങ്ങൾ വിശ്വാസത്തിലെടുത്തുവെന്നും ഇനി മുഴുവൻ കേരളവും ഒപ്പം നിൽക്കുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.

