കൊച്ചി: കേരളം നിയമസഭാ തിരഞ്ഞെടുപ്പിന്റെ ആവേശത്തിലേക്ക് കടക്കുമ്പോൾ, എൻഡിഎയുടെ പ്രചാരണ പരിപാടികൾക്ക് ഔദ്യോഗിക തുടക്കം കുറിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കൊച്ചിയിലെത്തും. വികസന പദ്ധതികളുടെ ഉദ്ഘാടനവും വിപുലമായ റോഡ് ഷോയും തിരഞ്ഞെടുപ്പ് കൺവെൻഷനും ഉൾപ്പെടെ വൻ പരിപാടികളാണ് നഗരത്തിൽ ഒരുക്കിയിരിക്കുന്നത്.(PM Modi in Kochi today to kick off assembly campaign)
11:30ന് നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ എത്തും. തുടർന്ന് നേവൽ ബേസ് വഴി റോഡ് മാർഗം മറൈൻ ഡ്രൈവിലേക്ക്. 11:50ന് മറൈൻ ഡ്രൈവിൽ നടക്കുന്ന ധീവരസഭയുടെ ഗോൾഡൻ ജൂബിലി ആഘോഷങ്ങളിൽ പങ്കെടുക്കും. 12:00ന് കലൂർ സ്റ്റേഡിയം കവാടത്തിൽ നിന്ന് ആരംഭിച്ച് പ്രധാനമന്ത്രിയുടെ മെഗാ റോഡ് ഷോ. 12:30 ന് കേന്ദ്ര സർക്കാരിന്റെ ഔദ്യോഗിക ചടങ്ങ്. റെയിൽവേ അടക്കമുള്ള മേഖലകളിൽ 10,000 കോടി രൂപയുടെ വികസന പദ്ധതികൾ നാടിന് സമർപ്പിക്കും.
01:00ന് കലൂർ സ്റ്റേഡിയത്തിലെ പ്രത്യേക വേദിയിൽ എൻഡിഎ കേരളം തിരഞ്ഞെടുപ്പ് റാലി ഉദ്ഘാടനം ചെയ്യും. 02:30 ന് കൊച്ചിയിലെ പരിപാടികൾ പൂർത്തിയാക്കി തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളിയിലേക്ക് തിരിക്കും. കലൂർ ജവാഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ നടക്കുന്ന തിരഞ്ഞെടുപ്പ് കൺവെൻഷനിൽ എറണാകുളം, തൃശൂർ ജില്ലകളിൽ നിന്നായി അരലക്ഷത്തോളം പ്രവർത്തകർ പങ്കെടുക്കും. ബിഡിജെഎസ്, ട്വന്റി 20, നാഷണലിസ്റ്റ് കേരള കോൺഗ്രസ് തുടങ്ങി എൻഡിഎ മുന്നണിയിലെ പന്ത്രണ്ടോളം കക്ഷികളുടെ പ്രമുഖ നേതാക്കൾ വേദി പങ്കിടും. പ്രധാനമന്ത്രിയുടെ സന്ദർശനം പ്രമാണിച്ച് കൊച്ചി നഗരത്തിൽ കർശന ഗതാഗത നിയന്ത്രണവും സുരക്ഷാ ക്രമീകരണങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്.

