തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാർത്ഥികളെ നിശ്ചയിക്കുന്നതിനുള്ള ബിജെപിയുടെ നിർണ്ണായക കേന്ദ്ര തെരഞ്ഞെടുപ്പ് സമിതി യോഗം ഇന്ന് വൈകിട്ട് ഡൽഹിയിൽ ചേരും. കേരളത്തിലെ 50 സീറ്റുകളിലെങ്കിലും ഇന്ന് തീരുമാനമുണ്ടാകുമെന്നാണ് സൂചന.(BJP candidate selection in final stages, Decision on 50 seats likely today)
പ്രധാനമന്ത്രി നരേന്ദ്ര മോദി ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കൾ പങ്കെടുക്കുന്ന പാർലമെന്ററി ബോർഡ് യോഗത്തിന് ശേഷമായിരിക്കും തെരഞ്ഞെടുപ്പ് സമിതി ചേരുക. സംസ്ഥാന നേതൃത്വം സമർപ്പിച്ച സ്ഥാനാർത്ഥി പട്ടികയിൽ വലിയ മാറ്റങ്ങൾ ഉണ്ടാകാൻ സാധ്യതയില്ലെന്നാണ് സൂചന. പ്രമുഖ നേതാക്കൾ ഡൽഹിയിൽ എത്തിയിട്ടുണ്ട്.
ഇന്ന് സീറ്റുകളിൽ തീരുമാനമാകുമെങ്കിലും, തെരഞ്ഞെടുപ്പ് കമ്മീഷൻ തീയതികൾ പ്രഖ്യാപിച്ചതിന് ശേഷം മാത്രമേ സ്ഥാനാർത്ഥികളെ ഔദ്യോഗികമായി പ്രഖ്യാപിക്കൂ. തുഷാർ വെള്ളാപ്പള്ളി, സാബു എം. ജേക്കബ് എന്നിവർ ഇത്തവണ മത്സരരംഗത്തുണ്ടാകണമെന്ന ആവശ്യം ശക്തമാണ്. ഔദ്യോഗിക പ്രഖ്യാപനത്തിന് കാത്തുനിൽക്കാതെ പാലക്കാട് മണ്ഡലത്തിൽ ശോഭ സുരേന്ദ്രൻ പ്രചാരണം ആരംഭിച്ചു കഴിഞ്ഞു. ചുവരെഴുത്തുകൾ ഉദ്ഘാടനം ചെയ്തും പ്രാദേശിക നേതാക്കളെ കണ്ടും ശോഭ മണ്ഡലത്തിൽ സജീവമാണ്.

