സൂറത്ത്: ഗുജറാത്തിലെ സൂറത്തിന് സമീപം രണ്ട് കോളേജ് വിദ്യാർത്ഥിനികളെ ക്ഷേത്രത്തിലെ ശുചിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. അനസ്തേഷ്യയ്ക്ക് ഉപയോഗിക്കുന്ന മരുന്നുകൾ അമിത അളവിൽ ശരീരത്തിൽ കുത്തിവെച്ചാണ് ഇവർ ജീവനൊടുക്കിയതെന്ന് പോലീസ് സംശയിക്കുന്നു. ഡിൻഡോളി സ്വദേശികളായ റോഷ്‌നി സിർസാത്ത് (18), ജോസ്‌ന ചൗധരി (20) എന്നിവരാണ് മരിച്ചത്.(College students commit suicide by injecting anesthetic)
വെള്ളിയാഴ്ച രാവിലെ കോളേജിലേക്ക് പോയ പെൺകുട്ടികൾ വൈകുന്നേരമായിട്ടും തിരിച്ചെത്താത്തതിനെ തുടർന്ന് വീട്ടുകാർ പോലീസിൽ പരാതി നൽകിയിരുന്നു. മൊബൈൽ ലൊക്കേഷൻ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ ക്ഷേത്രത്തിന് പുറത്ത് ഇവരുടെ സ്കൂട്ടർ കണ്ടെത്തി. തുടർന്ന് നടത്തിയ തിരച്ചിലിലാണ് ശുചിമുറിക്കുള്ളിൽ മൃതദേഹങ്ങൾ കണ്ടെത്തിയത്.
വെള്ളിയാഴ്ച രാവിലെ 7.44-ഓടെ പെൺകുട്ടികൾ വാഷ്‌റൂമിൽ പ്രവേശിക്കുന്നത് സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമാണ്. പിന്നീട് ഇവർ പുറത്തേക്ക് വന്നിട്ടില്ല. മൃതദേഹത്തിന് സമീപം നിന്ന് അനസ്തറ്റിക് മരുന്നിന്റെ മൂന്ന് കുപ്പികളും മൂന്ന് സിറിഞ്ചുകളും പോലീസ് കണ്ടെടുത്തു. പെൺകുട്ടികളുടെ ആത്മഹത്യാക്കുറിപ്പുകൾ കണ്ടെടുത്തിട്ടില്ലെങ്കിലും ഇവരുടെ മൊബൈൽ ഫോൺ പരിശോധിച്ച പോലീസിന് നിർണ്ണായക വിവരങ്ങൾ ലഭിച്ചു. മയക്കുമരുന്ന് ഉപയോഗിച്ച് എങ്ങനെ ആത്മഹത്യ ചെയ്യാം എന്നതിനെക്കുറിച്ച് ഇവർ ഇന്റർനെറ്റിലും ചാറ്റ് ജിപിടിയിലും തിരഞ്ഞതായി പോലീസ് കണ്ടെത്തി.

