വാഷിംഗ്ടൺ: ഇറാനുമായുള്ള സൈനിക നീക്കം തുടരുന്നതിനിടെ, ആണവായുധം വഹിക്കാൻ ശേഷിയുള്ള തങ്ങളുടെ ഏറ്റവും മാരകമായ ഐ.സി.ബി.എം മിനട്ട്മാൻ-3 പരീക്ഷിച്ച് അമേരിക്ക. കാലിഫോർണിയയിലെ വാൻഡൻബർഗ് സ്പേസ് ഫോഴ്സ് ബേസിൽ നിന്നായിരുന്നു ‘ഡൂംസ്‌ഡേ’ എന്ന് വിളിക്കപ്പെടുന്ന ഈ മിസൈലിന്റെ വിക്ഷേപണം.(US Tests Nuclear-Capable Minuteman III Doomsday Missile)
ഹിരോഷിമയിൽ പ്രയോഗിച്ച ആറ്റംബോംബിനേക്കാൾ 20 മടങ്ങ് പ്രഹരശേഷിയുള്ള ആണവ പോർമുനകൾ വഹിക്കാൻ ഈ മിസൈലിന് സാധിക്കും. മണിക്കൂറിൽ 24,000 കിലോമീറ്റർ വേഗതയിൽ സഞ്ചരിക്കുന്ന ഇതിന് വിക്ഷേപിച്ച് മിനിറ്റുകൾക്കുള്ളിൽ ലോകത്തിന്റെ ഏത് കോണിലുമുള്ള ലക്ഷ്യസ്ഥാനത്ത് എത്താനാകും.
ഏകദേശം 10,000 കിലോമീറ്ററാണ് ഇതിന്റെ പരിധി. പസഫിക് സമുദ്രത്തിലെ മാർഷൽ ദ്വീപുകൾക്ക് സമീപമുള്ള ലക്ഷ്യസ്ഥാനത്ത് മിസൈൽ കൃത്യമായി പതിച്ചതായി അധികൃതർ സ്ഥിരീകരിച്ചു. ജി.ടി.255 എന്ന് പേരിട്ടിരിക്കുന്ന ഈ വിക്ഷേപണം രാജ്യത്തിന്റെ ആണവ പ്രതിരോധ സന്നദ്ധത ഉറപ്പുവരുത്തുന്ന പതിവ് നടപടി മാത്രമാണെന്ന് യു.എസ് സ്പേസ് ഫോഴ്സ് വിശദീകരിച്ചു. നിലവിലെ മിഡിൽ ഈസ്റ്റ് സംഘർഷവുമായി ഇതിന് നേരിട്ട് ബന്ധമില്ലെന്നാണ് ഔദ്യോഗിക നിലപാടെങ്കിലും, ഇറാന് നൽകുന്ന വ്യക്തമായ മുന്നറിയിപ്പായാണ് പ്രതിരോധ വിദഗ്ധർ ഇതിനെ കാണുന്നത്.

