കൊച്ചി: അങ്കമാലി മോണിംഗ് സ്റ്റാർ കോളേജ് വിദ്യാർത്ഥിനി ജാസ്ലിയ ജോൺസൺ വാഹനാപകടത്തിൽ മരിച്ച സംഭവത്തിൽ പ്രതിക്കെതിരെ ലുക്ക് ഔട്ട് സർക്കുലർ ഇറക്കും. കാർ ഓടിച്ചിരുന്ന കോട്ടയം സ്വദേശി ഡോ. സിറിയക് പി. ജോർജ് വിദേശത്തേക്ക് കടക്കാൻ സാധ്യതയുണ്ടെന്ന വിലയിരുത്തലിനെത്തുടർന്നാണ് പോലീസിന്റെ നീക്കം.(Jaslia’s death, Lookout circular to be issued for the accused)
പ്രതിയെ പിടികൂടുന്നതിൽ പോലീസ് വീഴ്ച വരുത്തിയെന്ന ആരോപണങ്ങൾക്കിടെയാണ് നടപടികൾ വേഗത്തിലാക്കിയത്. ഡോക്ടറുടെ ബന്ധുവീടുകളിലടക്കം പോലീസ് പരിശോധന നടത്തിയെങ്കിലും ഇയാളെ കണ്ടെത്താനായില്ല.
പ്രതിയെ പിടികൂടാൻ വൈകുന്നതിൽ പ്രതിഷേധിച്ച് ജാസ്ലിയയുടെ സഹപാഠികളും അധ്യാപകരും അങ്കമാലി പോലീസ് സ്റ്റേഷനിലേക്ക് പ്രതിഷേധ മാർച്ച് നടത്തിയിരുന്നു. പ്രതിയെ പിടികൂടുന്നതിൽ വീഴ്ച സംഭവിച്ചിട്ടില്ലെന്നും തിരച്ചിൽ ഊർജിതമാണെന്നുമാണ് പോലീസിന്റെ വിശദീകരണം. ഫെബ്രുവരി 28-ന് രാത്രിയാണ് ജാസ്ലിയയെ ഇയാൾ സഞ്ചരിച്ചിരുന്ന കാർ ഇടിച്ചുതെറിപ്പിച്ചത്.

