വയനാട്: വയനാട്ടിലെ കർഷകൻ രജീവിന്റെ മരണം കാട്ടാനയുടെ ആക്രമണത്തെത്തുടർന്നാണെന്ന് പോസ്റ്റ്‌മോർട്ടം സ്ഥിരീകരിച്ചു. ആന്തരിക അവയവങ്ങൾക്കേറ്റ ഗുരുതരമായ പരിക്കും രക്തസ്രാവവുമാണ് മരണകാരണമെന്നാണ് കണ്ടെത്തൽ.(Farmer in Bathery dies due to wild elephant attack, Postmortem completed)
ബത്തേരി താലൂക്ക് ആശുപത്രിയിൽ നടന്ന പോസ്റ്റ്‌മോർട്ടത്തിലാണ് മരണകാരണം വ്യക്തമായത്. കാട്ടാനയുടെ ആക്രമണത്തിൽ രജീവിന്റെ ഇടുപ്പെല്ലും ശ്വാസകോശവും പൂർണ്ണമായും തകർന്നു. ആന്തരിക അവയവങ്ങൾക്കേറ്റ ക്ഷതത്തെത്തുടർന്ന് കടുത്ത രക്തസ്രാവം ഉണ്ടായതായും പറയുന്നു.
തുമ്പിക്കൈ കൊണ്ട് എടുത്തുയർത്തി നിലത്ത് അടിച്ചതാകാം ഇത്രയും വലിയ പരിക്കുകൾക്ക് കാരണമായതെന്നാണ് പ്രാഥമിക നിഗമനം. കഴിഞ്ഞ ദിവസം രാത്രിയാണ് കൃഷിയിടത്തിൽ ഇറങ്ങിയ കാട്ടാനയെ തുരത്താൻ രജീവ് പോയത്. ഏറെ നേരം കഴിഞ്ഞിട്ടും മടങ്ങിയെത്താതിനെ തുടർന്ന് ബന്ധുക്കളും നാട്ടുകാരും ചേർന്ന് നടത്തിയ തിരച്ചിലിലാണ് കൃഷിയിടത്തിൽ വീണുകിടക്കുന്ന നിലയിൽ ഇദ്ദേഹത്തെ കണ്ടെത്തിയത്. ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

