തിരുവനന്തപുരം: ഇറാൻ-ഇസ്രായേൽ സംഘർഷം പശ്ചിമേഷ്യൻ മേഖലയെ ആശങ്കയിലാഴ്ത്തിയ സാഹചര്യത്തിൽ, ഗൾഫ് രാജ്യങ്ങളിലെ ലോക കേരള സഭ പ്രതിനിധികളുമായി മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് വൈകിട്ട് ആറിന് ഓൺലൈൻ യോഗം ചേരും. പ്രവാസികളുടെ നിലവിലെ ആവശ്യങ്ങൾ മനസ്സിലാക്കാനും അവർക്ക് ആവശ്യമായ സർക്കാർ പിന്തുണ ഉറപ്പാക്കാനുമാണ് ഈ അടിയന്തര ഇടപെടൽ.(West Asian crisis, Emergency meeting today led by the Chief Minister to ensure the safety of expatriates)
നോർക്ക റൂട്ട്‌സ് റെസിഡന്റ് വൈസ് ചെയർമാൻ പി. ശ്രീരാമകൃഷ്ണൻ, നോർക്ക സെക്രട്ടറി അനുപമ ടി.വി, സി.ഇ.ഒ അജിത് കോളശ്ശേരി എന്നിവരും യോഗത്തിൽ സംബന്ധിക്കും. സംഘർഷ മേഖലയിലുള്ളവർക്ക് സഹായമെത്തിക്കാൻ പി. ശ്രീരാമകൃഷ്ണന്റെ നേതൃത്വത്തിൽ അവലോകനയോഗം ചേർന്നു സ്ഥിതിഗതികൾ വിലയിരുത്തി. സഹായത്തിനായി പ്രത്യേക നോർക്ക കൂട്ടായ്മകൾ രൂപീകരിച്ചിട്ടുണ്ട്. ഇസ്രായേൽ, ജോർദ്ദാൻ, ഈജിപ്ത്, സൗദി അറേബ്യ, യു.എ.ഇ, ഖത്തർ, ബഹ്‌റൈൻ, കുവൈത്ത്, ഒമാൻ എന്നിവയാണിവ.
വിമാനങ്ങൾ റദ്ദാക്കിയതോടെ വിവിധ വിമാനത്താവളങ്ങളിൽ കുടുങ്ങിയവരും, നാട്ടിലേക്ക് മടങ്ങാൻ കാത്തിരിക്കുന്നവരും ഉൾപ്പെടെ 666 പേർ ഇതുവരെ നോർക്ക ഹെൽപ്പ് ഡെസ്‌ക്കിനെ സമീപിച്ചു. പരീക്ഷയ്ക്ക് എത്തേണ്ട വിദ്യാർത്ഥികൾ, വിവാഹ ആവശ്യത്തിന് മടങ്ങേണ്ടവർ, വിസ കാലാവധി തീരുന്നവർ തുടങ്ങിയവർ ഇതിൽ ഉൾപ്പെടുന്നു. ഖത്തറിലുണ്ടായ ഷെൽ ആക്രമണത്തിൽ തൃശ്ശൂർ ചാവക്കാട് സ്വദേശിക്ക് പരിക്കേറ്റു. ഇദ്ദേഹത്തിന്റെ കൈക്ക് ശസ്ത്രക്രിയ കഴിഞ്ഞതായും നിലവിൽ ആശുപത്രിയിൽ ചികിത്സയിലാണെന്നും വിവരമുണ്ട്.

