ടെൽ അവീവ്: പശ്ചിമേഷ്യയിൽ യുദ്ധം കൊടുമ്പിരിക്കൊള്ളുന്നതിനിടെ ഇറാനിൽ ഇസ്രായേലും അമേരിക്കയും ചേർന്ന് നടത്തുന്ന ആക്രമണങ്ങളിൽ മരിച്ചവരുടെ എണ്ണം 787 ആയി ഉയർന്നതായി റെഡ് ക്രെസന്റ് റിപ്പോർട്ട് ചെയ്തു. ഇറാനിലെ 153 നഗരങ്ങളിലായി 1,039 മിസൈൽ, ഡ്രോൺ ആക്രമണങ്ങളാണ് ഇതുവരെ നടന്നത്.(Attacks on Iran will continue as long as necessary, says Israel Katz, 787 deaths in Iran)
ഇറാനെതിരെയുള്ള ആക്രമണം ആവശ്യമുള്ളിടത്തോളം തുടരുമെന്ന് ഇസ്രായേൽ പ്രതിരോധ മന്ത്രി ഇസ്രായേൽ കാറ്റ്സ് വ്യക്തമാക്കി. ഇറാന്റെ മിസൈൽ വിക്ഷേപണ സംവിധാനങ്ങളെ പൂർണ്ണമായും തകർക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
ഇറാന്റെ പ്രധാന ഭൂഗർഭ ആണവ സമ്പുഷ്ടീകരണ പ്ലാന്റായ നതാൻസിലെ പ്രവേശന കവാടങ്ങൾ ആക്രമണത്തിൽ തകർന്നതായി അന്താരാഷ്ട്ര ആണവോർജ്ജ ഏജൻസി സ്ഥിരീകരിച്ചു. പുതിയ ഉപഗ്രഹ ചിത്രങ്ങൾ പരിശോധിച്ച ശേഷമാണ് ഏജൻസി ഇക്കാര്യം വ്യക്തമാക്കിയത്. എന്നാൽ ആണവ ചോർച്ചയുണ്ടാകാൻ സാധ്യതയുള്ള വിധത്തിലുള്ള നാശനഷ്ടങ്ങൾ നിലവിൽ സംഭവിച്ചിട്ടില്ല.
പശ്ചിമേഷ്യയിൽ സംഘർഷം നാലാം ദിവസവും അതിരൂക്ഷമായി തുടരുന്നു. ഇസ്രായേലുമായും അമേരിക്കയുമായും യാതൊരുവിധ ചർച്ചകൾക്കും തയ്യാറല്ലെന്ന് ഇറാൻ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. ഇറാൻ ‘പിശാചിനോട്’ പോരാടുകയാണെന്നും തിന്മയ്‌ക്കെതിരെ നിലകൊള്ളുന്ന ഏക ശക്തി തങ്ങളാണെന്നും ഇറാൻ പ്രഖ്യാപിച്ചു.
ഇറാന്റെ പ്രസിഡൻഷ്യൽ ഓഫീസ്, സുപ്രീം നാഷണൽ സെക്യൂരിറ്റി കൗൺസിൽ ഓഫീസ് എന്നിവയ്ക്ക് നേരെ ഇസ്രായേൽ സൈന്യം വൻ മിസൈൽ ആക്രമണം നടത്തി. പ്രധാന സൈനിക പരിശീലന കേന്ദ്രങ്ങളും തകർത്തതായി ഐഡിഎഫ് അവകാശപ്പെട്ടു. “ഞങ്ങൾ പ്രതിരോധത്തിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. യുദ്ധത്തിന്റെ വ്യാപ്തി വർദ്ധിപ്പിക്കാൻ ആഗ്രഹിക്കുന്നില്ല. എന്നാൽ സയണിസ്റ്റ് ഭരണകൂടം ദ്രോഹകരമായ പ്രവൃത്തികളിൽ നിന്ന് വിട്ടുനിൽക്കണം,” ഇറാൻ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. അറബ് സുഹൃദ് രാജ്യങ്ങൾ ജാഗ്രത പാലിക്കണമെന്നും ഇറാൻ അഭ്യർത്ഥിച്ചു.

