ടെൽ അവീവ്: ഇറാനെതിരെ ഇസ്രായേലും അമേരിക്കയും സംയുക്ത സൈനിക നീക്കം ആരംഭിച്ച സാഹചര്യത്തിൽ ഇസ്രായേലിലെ ഇന്ത്യൻ പൗരന്മാർക്ക് കേന്ദ്ര വിദേശകാര്യ മന്ത്രാലയം അതീവ ജാഗ്രതാ നിർദ്ദേശം നൽകി (India Advisory For Nationals In Israel). മേഖലയിലെ നിലവിലെ സുരക്ഷാ സാഹചര്യം കണക്കിലെടുത്ത് എല്ലാ ഇന്ത്യൻ പൗരന്മാരും എല്ലായ്‌പ്പോഴും അതീവ ജാഗ്രത പാലിക്കണമെന്നും സുരക്ഷാ ഉദ്യോഗസ്ഥരുടെ നിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്നും നിർദ്ദേശമുണ്ട്. ശനിയാഴ്ച പുലർച്ചെ ഇസ്രായേലും യുഎസും സംയുക്തമായി ഇറാനിൽ മിസൈൽ ആക്രമണം നടത്തിയതിന് പിന്നാലെയാണ് ഈ നടപടി.
ജനീവയിൽ നടന്ന ആണവ ചർച്ചകൾ പരാജയപ്പെട്ടതിന് പിന്നാലെയാണ് പശ്ചിമേഷ്യയെ യുദ്ധഭീതിയിലാഴ്ത്തി ഈ ആക്രമണം ഉണ്ടായത്. ഇസ്രായേലിൽ നിലവിൽ വൻതോതിലുള്ള മിസൈൽ ആക്രമണ സാധ്യത മുൻനിർത്തി സൈറണുകൾ മുഴങ്ങുന്ന സാഹചര്യത്തിലാണ് ഇന്ത്യൻ എംബസി ജാഗ്രതാ നിർദ്ദേശം നൽകിയത്. പൗരന്മാർ അത്യാവശ്യമല്ലാത്ത യാത്രകൾ ഒഴിവാക്കണമെന്നും സുരക്ഷിതമായ ഇടങ്ങളിൽ തുടരണമെന്നും എംബസി അറിയിച്ചു. ഇസ്രായേലിൽ ജോലി ചെയ്യുന്ന ആയിരക്കണക്കിന് മലയാളി നഴ്‌സുമാരും കെയർ ടേക്കർമാരും ഉൾപ്പെടെയുള്ള പ്രവാസികൾ ഇതോടെ ആശങ്കയിലായിരിക്കുകയാണ്.
അടിയന്തര സാഹചര്യങ്ങളിൽ ബന്ധപ്പെടാൻ എംബസി ഹെൽപ്പ് ലൈൻ നമ്പറുകളും സജ്ജമാക്കിയിട്ടുണ്ട്. ഇസ്രായേലിലുടനീളം അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയും സ്കൂളുകൾക്കും പൊതു ഓഫീസുകൾക്കും അവധി നൽകുകയും ചെയ്തിട്ടുണ്ട്. ഇറാന്റെ ഭാഗത്തുനിന്നുള്ള പ്രത്യാക്രമണം ഏത് നിമിഷവും ഉണ്ടായേക്കാമെന്നതിനാൽ അതീവ ജാഗ്രത തുടരണമെന്നാണ് ഇന്ത്യൻ എംബസിയുടെ നിർദ്ദേശം. കേന്ദ്ര വിദേശകാര്യ മന്ത്രാലയം സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണ്.
Summary: India has issued an urgent advisory for its nationals in Israel, urging them to exercise “utmost caution” and remain vigilant due to the escalating military conflict in the region

