കൊച്ചി: വിവാദ ചിത്രം ‘ദ കേരള സ്റ്റോറി 2’ വിന്റെ റിലീസ് തടഞ്ഞുകൊണ്ടുള്ള സിംഗിൾ ബെഞ്ച് ഉത്തരവ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് സ്റ്റേ ചെയ്തു. ജസ്റ്റിസ് സുഷ്രുത് ധർമാധികാരി, ജസ്റ്റിസ് പി.വി. ബാലകൃഷ്ണൻ എന്നിവരടങ്ങിയ ബെഞ്ചാണ് സിനിമയ്ക്ക് പ്രദർശനാനുമതി നൽകിയത്. റിലീസ് 15 ദിവസത്തേക്ക് തടഞ്ഞ സിംഗിൾ ബെഞ്ചിന്റെ ഇടക്കാല ഉത്തരവിനെതിരെ നിർമ്മാതാക്കൾ നൽകിയ അപ്പീൽ പരിഗണിച്ചാണ് ഈ നിർണ്ണായക വിധി.(The Kerala Story 2 gets screening permission, by High Court Division Bench)
ഭരണഘടനയും സുപ്രീം കോടതിയും ഉറപ്പുനൽകുന്ന ആവിഷ്കാര സ്വാതന്ത്ര്യം ഉയർത്തിക്കാട്ടിയാണ് നിർമ്മാതാക്കൾ കോടതിയെ സമീപിച്ചത്. ചിത്രം സെൻസർ ബോർഡിന്റെ കർശന പരിശോധനകൾക്ക് ശേഷം സർട്ടിഫിക്കറ്റ് ലഭിച്ചതാണെന്നും ഒന്നാം ഭാഗം ദേശീയ പുരസ്കാരം നേടിയതാണെന്നും നിർമ്മാതാക്കൾ വാദിച്ചു.
സിനിമ കേരളത്തെയോ ഒരു മതത്തെയോ പൂർണ്ണമായി അപമാനിക്കുന്നില്ല. മറിച്ച്, ചില സാമൂഹിക വിപത്തുകൾക്ക് പിന്നിൽ പ്രവർത്തിക്കുന്ന പ്രത്യേക വിഭാഗങ്ങളെക്കുറിച്ചാണ് ചിത്രം സംസാരിക്കുന്നത്. കഥ സംവിധായകന്റെ ഭാവനയാണെന്നും നിർമ്മാതാക്കൾ വ്യക്തമാക്കി. ചിത്രം റിലീസ് ചെയ്തില്ലെങ്കിൽ വലിയ സാമ്പത്തിക പ്രതിസന്ധി നേരിടേണ്ടി വരുമെന്നും ടീസർ ഇറങ്ങി 16 ദിവസത്തിന് ശേഷം ഹർജികൾ നൽകിയത് ദുരുദ്ദേശപരമാണെന്നും നിർമ്മാതാവ് കോടതിയിൽ ബോധിപ്പിച്ചു.
നേരത്തെ, സിനിമ പ്രഥമദൃഷ്ട്യാ മതസൗഹാർദ്ദത്തിന് ഭീഷണിയാണെന്നും കേരളത്തെ ആഗോളതലത്തിൽ വർഗീയതയുടെ നാടായി ചിത്രീകരിക്കാൻ ഇത് കാരണമാകുമെന്നും ചൂണ്ടിക്കാട്ടിയാണ് സിംഗിൾ ബെഞ്ച് റിലീസ് തടഞ്ഞത്. സെൻസർ ബോർഡ് ഇത്തരം ഘടകങ്ങൾ പരിഗണിച്ചില്ലെന്നും കോടതി നിരീക്ഷിച്ചിരുന്നു. എന്നാൽ ഡിവിഷൻ ബെഞ്ചിന്റെ സ്റ്റേ ഉത്തരവോടെ സിനിമയുടെ റിലീസിന് മുന്നിലുണ്ടായിരുന്ന നിയമതടസ്സങ്ങൾ നീങ്ങിയിരിക്കുകയാണ്.

